KERALALATEST

മംഗളൂരു അപകടം: ബോട്ട് നിയന്ത്രണം വിട്ട് കപ്പല്‍ച്ചാലിലേക്ക് കയറിയെന്ന് കോസ്റ്റല്‍ പൊലിസ്

കാസര്‍കോട്: മംഗളൂരു ബോട്ടപകടത്തിന് കാരണം മീന്‍പിടിത്ത ബോട്ട് കപ്പല്‍ച്ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതുകൊണ്ടെന്ന് കോസ്റ്റല്‍ പൊലീസ്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരദേശ പൊലീസിന്റെ നിഗമനം. കാണാതായ ഒന്‍പതു മല്‍സ്യത്തൊഴിലാളികള്‍ക്കായി തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെ പാതി തകര്‍ന്ന ബോട്ടിന്റെ ഭൂരിഭാഗവും ഇതിനകം കടലില്‍ മുങ്ങിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
ഭക്ഷണശേഷം മല്‍സ്യത്തൊഴിലാളികള്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണ് അപകടമുണ്ടായത്. ബോട്ട് നിയന്ത്രണംവിട്ട് കപ്പല്‍ ചാലിലേക്ക് കയറിയാണ് വിദേശ ചരക്കുകപ്പലുമായി കൂട്ടിയിടിച്ചത്. ചരക്കുക്കപ്പലില്‍ പോയി ഇടിക്കുകയായിരുന്നോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇന്നലെ രാത്രി തന്നെ ബോട്ടിന്റെ മുക്കാല്‍ ഭാഗവും മുങ്ങിയിരുന്നു. രാവിലെയോടെ ബോട്ട് ഏതാണ്ട് പൂര്‍ണമായും മുങ്ങിയ നിലയിലാണ്.
ബോട്ടിനു തഴെയുള്ള ഭാഗത്തെ ക്യാബിനില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്. പലകകളിലോ വീപ്പകളിലോ പിടിച്ചുകിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ കേരള തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ കാസര്‍കോട് കോസ്റ്റല്‍ പൊലീസും തിരച്ചില്‍ നടത്തുന്നുണ്ട്. ബേപ്പൂരില്‍നിന്ന് കടലില്‍ പോയ ബോട്ട് ചരക്കുകപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേരാണ് ഇതിനകം മരിച്ചത്. രണ്ടുപേരെ നിസാര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരെല്ലാം തമിഴ്‌നാട്, ബംഗാള്‍ സ്വദേശികളാണ്. മംഗളൂരു പുറംകടലില്‍ 51 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.

Related Articles

Back to top button