ന്യൂഡല്‍ഹി: ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീവ്രവാദമാണെന്ന് മോദി പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ മരുന്ന് ഉല്പാദനത്തില് വലിയ സംഭാവന നല്കാന് ഇന്ത്യയ്ക്ക് സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയാണ് 12ാം ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.
തീവ്രവാദമാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഭീകരര്‍ക്ക് പിന്തുണ നല്കുന്ന രാജ്യങ്ങളെക്കൊണ്ട് അതിന് ഉത്തരം പറയിക്കണം. ഈ പ്രശ്നത്തെ നേരിടുന്നതിന് ബ്രിക്സ് രാജ്യങ്ങള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
ആത്മനിര്‍ഭര്‍ ഭാരത് എന്ന ഇന്ത്യയുടെ ആശയത്തെക്കുറിച്ച് മോദി ഉച്ചകോടിയില്‍ സംസാരിച്ചു. മരുന്ന് ഉല്പാദന മേഖലയില്‍ ഇന്ത്യയുടെ വലിയ ശേഷി മൂലം കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് 150ല്‍ അധികം രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ നല്കാന് കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേരീതിയില്‍ വാക്സിന് ഉല്പാദനത്തിലും വിതരണത്തിലും ലോകത്തിന് വലിയ സംഭാവനകള്‍ നല്കാന് ഇന്ത്യയ്ക്ക് സാധിക്കുമെന്നും മോദി പറഞ്ഞു.
ഐ.എം.എഫ്, ഡബ്ല്യൂ.എച്ച്.ഒ, ഡബ്ല്യൂ.ടി.ഒ എന്നിവയില്‍ നവീകരണം ആവശ്യമാണ്. ഈ ആഗോള സംഘടനകളുടെ കാര്യക്ഷമതയെപ്പറ്റി ചോദ്യങ്ങള്‍ ഉയരുകയാണ്. കാലത്തിനൊത്ത് മാറാന്‍ ഇവയ്ക്ക് സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം, മോദി പറഞ്ഞു. 2021ല്‍ ബ്രിക്സ് 15 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ബ്രിക്സ് എടുത്ത വിവിധ തീരുമാനങ്ങളെ വിലയിരുത്തിക്കൊണ്ട് ഒരു റിപ്പോര്‍ട്ട് ഇതോടനുബന്ധിച്ച് തയ്യാറാക്കേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോ, റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുതിന് എന്നിവരും ഉച്ചകോടിയില്‍ സംസാരിക്കുന്നുണ്ട്. ഇന്ത്യചൈന അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യത്തിനു ശേഷം ഇത് രണ്ടാം തവണയാണ് ഒരു അന്താരാഷ്ട്ര ഉച്ചകോടിയില്‍ ഇരു രാജ്യതലവന്മാരും ഒരുമിച്ച് പങ്കെടുക്കുന്നത്. നേരത്തെ ഷാങ്ഹായ് സഹകരണ സംഘടനയുടെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ മോദിയും ഷി ജന്പിങ്ങും പങ്കെടുത്തിരുന്നു.