കൊച്ചി: ബിഎസ്എന്‍ലും സ്കൈലോടെക് ഇന്ത്യയും ചേര്‍ന്ന് സാറ്റലൈറ്റ്അധിഷ്ഠിത എന്ബിഐഒടിക്ക് (നാരോബാന്ഡ്ഇന്റര്നെറ്റ് ഓഫ് തിംഗ്സ്) ഇന്ത്യയില്‍ തുടക്കം കുറിച്ചു. ആദ്യഘട്ടത്തില്‍ ആഴക്കടല്‍ മീന്‍പിടുത്തക്കാര്‍, കര്‍ഷകര്‍, നിര്‍മാണമേഖല, ഖനനം, ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് ഈ സേവനം ലഭ്യമാവുക. ഇതോടെ രാജ്യത്തിന്റെ വിദൂരഭാഗങ്ങളിലും സമുദ്രാതിര്ത്തികളിലുമുള്ള നിലവില്‍ കണക്ഷനില്ലാത്ത ലക്ഷക്കണക്കിന് മെഷീനുകള്‍, സെന്‍സറുകള്‍, വ്യവസായിക ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്) ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെടാനും ഡേറ്റ കൈമാറാനും സാധ്യമാകും. സ്കൈലോ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ബിഎസ്എന്‍എലിന്റെ സാറ്റലൈറ്റ് ഗ്രൗണ്ട് സൗകര്യങ്ങളുമായി സഹകരിച്ച് രാജ്യത്തിന്റെ മുക്കിലും മൂലയിലും സമുദ്രാതിര്‍ത്തിയിലും കവറേജ് ലഭ്യമാക്കുക. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ഗുജറാത്ത് മുതല്‍ വടക്കു കിഴക്കന്‍ അതിര്‍ത്തിവരെയും ഇതോടെ കവറേജ് ലഭിക്കാത്ത ‘ഇരുണ്ട പ്രദേശം’ ഒന്നും തന്നെ ഉണ്ടാകില്ലെന്ന് ബിഎസ്എന്‍എലും സ്കൈലോയും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
താങ്ങാവുന്ന ചെലവില്‍ അതിനൂതന ടെലികോം സേവനങ്ങള്‍ വ്യത്യസ്ത ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള ബിഎസ്എന്‍ലിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് പുതിയ സേവനമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി പി കെ പുര്‍വാര്‍ പറഞ്ഞു. 2021 കോവിഡ് വാക്സിന് വിതരണം ചെയ്യേണ്ടി വരുമ്പോള്‍ ലോജിസ്റ്റിക്സ് മേഖലയ്ക്കാവശ്യമായ വിവരങ്ങള്‍ അപ്പപ്പോള്‍ എത്തിച്ചു നല്കാന് സ്കൈലോയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചെറിയ പെട്ടിയുടെ രൂപത്തിലുള്ള സ്കൈലോ യൂസര്‍ ടെര്‍മിനല്‍ സെന്‍സറുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച് സ്കൈലോ ശൃംഖലയിലേയ്ക്കും അതുവഴി ഉപഭോക്താക്കളിലേയ്ക്കും വിവരങ്ങള്‍ എത്തിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനരീതി. സമുദ്രാതിര്‍ത്തി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ മുഴുവന്‍ ഭൂഭാഗവും സമ്പൂര്‍ണമായി ഓണ്‍ലൈനാക്കുന്ന വന്‍കുതിപ്പാണ് പുതിയ സംവിധാനം സാധ്യമാക്കുക.
നൂറ്റാണ്ടുകളായി ഓഫ്ലൈനില് പ്രവര്‍ത്തിച്ചിരുന്ന കൃഷി, റെയില്‍വേ, ഫിഷറീസ് മേഖലകള്‍ക്ക് കൃത്രിമബുദ്ധി (എഐ), ഐഒടി എന്നിവ ഉപയോഗപ്പെടുത്താന്‍ പുതിയ സംവിധാനം വഴി തുറക്കുമെന്ന് സ്കൈലോ സിഇഒയും സഹസ്ഥാപകനുമായ പാര്‍ത്ഥസാരഥി ത്രിവേദി പറഞ്ഞു. ലോകത്തെ ആദ്യത്തെ സാറ്റലൈറ്റ്അധിഷ്ഠിത എന്ബിഐഒടി ശൃംഖലയാണിതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ വിജയകരമായ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ ബിഎസ്എന്‍ലും സ്കൈലോയും പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി ബിഎസ്എന്‍എല്‍ ബോര്‍ഡ് ഡയറക്ടര്‍ (സിഎഫ്എ) വിവേക് ബന്‍സാല്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന പുതുവര്‍ഷം തുടങ്ങുന്നതിനു മുന്‍പുതന്നെ യൂസര്‍ ഗ്രൂപ്പുകളുമായി ബിഎസ്എന്‍എല്‍ ബന്ധപ്പെടും.