BREAKINGNATIONAL
Trending

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയില്‍ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റും സ്വതന്ത്ര ഇന്ത്യയുടെ തൊണ്ണൂറ്റിയഞ്ചാം ബജറ്റുമാണ് നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുക ഒട്ടേറെ വെല്ലുവിളികളാണ് ഇത്തവണ ധനമന്ത്രിക്ക് മുമ്പിലുള്ളത്..
തുടര്‍ച്ചയായ ഏഴാം ബജറ്റ് എന്ന റെക്കോഡ് നേട്ടത്തിന് അരികെയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മൊറാര്‍ജി ദേശായിയുടെ ആറ് തുടര്‍ ബജറ്റുകളെന്ന റെക്കോഡാണ് നിര്‍മല സീതാരാമന്‍ മറികടക്കാന്‍ പോകുന്നത്. പക്ഷേ മുമ്പത്തേപ്പോലെ എളുപ്പമല്ല കാര്യങ്ങള്‍. കഴിഞ്ഞ ആറ് തവണയും കേവലഭൂരിപക്ഷമുള്ള ബിജെപിയുടെ പിന്തുണയും ആത്മവിശ്വാസവും ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ സഖ്യ താത്പര്യങ്ങള്‍ പരിഗണിച്ചേ തീരൂ. മികച്ച സാമ്പത്തിക വളര്‍ച്ച, മെച്ചപ്പെട്ട നികുതി -കുതിയേതര വരുമാനം, ആര്‍ബിഐകയില്‍ നിന്ന് കിട്ടിയ 2.11 ലക്ഷം കോടിയുടെ ഡിവിഡന്റ് എന്നിവ അനുകൂല ഘടകങ്ങളാണ്.
മറുവശത്ത് സാമ്പത്തിക അസമത്വം , ഭക്ഷ്യ വിലക്കയറ്റം, ഭൗമരാഷ്ട്രീയെ പ്രശ്‌നങ്ങള്‍ എന്നിവ വെല്ലുവിളി ഉയര്‍ത്തുന്നു. ഒപ്പം തന്നെ ബജറ്റില്‍ വന്‍ വിഹിതം ആവശ്യപ്പെട്ട് എന്‍ ചന്ദ്ര ബാബു നായിഡുവും നിതീഷ് കുമാറും ഉയര്‍ത്തുന്ന തലവേദന വേറെ. കേവലഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് തുടര്‍ഭരണമെന്ന കടമ്പ കടക്കാന്‍ നല്‍കിയ കൈസഹായത്തിന് പ്രത്യുപകാരം ആവശ്യപ്പെട്ടിരിക്കുകയാണ് ഇരുവരും. പ്രത്യേക പദവി ബിഹാറിന് നല്‍കില്ല എന്ന നിലപാട് പ്രഖ്യാപിച്ചെങ്കിലും ബജറ്റില്‍ പരിഗണിക്കാതെ പോകാണാവില്ല.
അതേസമയം കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് കേരളം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീരുമാനവും റെയില്‍വേ വികസനത്തിനുള്ള വിഹിതവും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളും സംസ്ഥാനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഇന്നത്തെ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ഇനണ്നലെ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പല മേഖലകളിലും മുരടിപ്പ് ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ പ്രതീക്ഷ വര്‍ധിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വിഹിതം ഇത്തവണത്തെ കേന്ദ്ര ബജറ്റിലുണ്ടായേക്കും.
24,000 കോടിയുടെ പ്രത്യേക പാക്കേജ്, 5000 കോടിയുടെ വിഴിഞ്ഞം പ്രത്യേക നിക്ഷേപം, കോഴിക്കോട്- വയനാട് തുരങ്കപാതയ്ക്ക് 5000 കോടിയുടെ സഹായം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റെയില്‍വേ വികസനത്തിന് മൂന്നാം പാത സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബിയുടേയും പെന്‍ഷന്‍ കമ്പനിയുടേയും വായ്പ സംസ്ഥാനത്തിന്റെ ബാധ്യതയായി ഉള്‍പ്പെടുത്തിയത് ഒഴിവാക്കുന്നതില്‍ അനുകൂല സമീപനം സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. ദേശീയ പാതാ വികസനത്തിനായി ചെലവഴിച്ച 6000 കോടി രൂപ ഈ വര്‍ഷം കടമെടുക്കാന്‍ അനുവദിക്കണം, കേന്ദ്രത്തില്‍ നിന്നും നല്‍കുന്ന നികുതി വിഹിതം ഉയര്‍ത്തുക എന്നിവ നടപ്പായാല്‍ സംസ്ഥാനത്തിന്റെ പ്രതിസന്ധി പൂര്‍ണമായും ഒഴിവാകും.
റബറിന്റെ താങ്ങുവില 250 ആയി ഉയര്‍ത്താനും അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ പണം പ്രതീക്ഷിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതം 60 ശതമാനത്തില്‍ നിന്നും 75 ശതമാനമാക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രം അനുകൂല തീരുമാനമെടുക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button