തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര ഏജന്‍സികളെയും വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം സ്വീകരിച്ച പല നടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിക്കെതിരായ നീക്കങ്ങളും മന്ത്രി എടുത്തു പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഉത്തേജക പാക്കേജിന് ബജറ്റില്‍നിന്ന് യഥാര്‍ഥത്തില്‍ അധിക ചെലവ് ദേശീയ വരുമാനത്തിന്റെ രണ്ട് ശതമാനമേ വരൂ. ആരോഗ്യ മേഖലയില്‍പ്പോലും കേന്ദ്രസര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി ഉയര്‍ത്തിയില്ല. ഇത്തരമൊരു നയംമൂലം ലോകത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ച രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ആഗോള ഉദ്പാദനം പത്ത് ശതമാനം ഇടിഞ്ഞപ്പോള്‍ ഇന്ത്യ രാജ്യത്ത് ഉദ്പാദനം 25 ശതമാനം ആണ് ഇടിഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിനു കാരണമെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കി. രാജ്യത്ത് മൊത്തം സര്‍ക്കാര്‍ ചെലവിന്റെ 60 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ വഴിയാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം കോവിഡ് പ്രതിസന്ധിയില്‍ മൂന്നിലൊന്നായി കുറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരത്തുക വെച്ചുതാമസിപ്പിക്കുകയും ചെയ്തു. പൂര്‍ണമായി നല്കാന് ഇപ്പോഴും കേന്ദ്രം തയ്യാറായിട്ടില്ല. വായ്പയെടുക്കുന്നതില്‍ കര്‍ക്കശമായ നിലപാട് മൂലം ഒരു സംസ്ഥാനത്തിനും ഇത് പൂര്‍ണമായി പ്രയോജനപ്പെടുത്താനായില്ല. ഇതൊക്കെ സംസ്ഥാനത്തിന്റെ പ്രതിസന്ധിയെ രൂക്ഷമാക്കിയതായി ധനമന്ത്രി ചൂണ്ടിക്കാട്ടി.
കിഫ്ബിക്കെതിരായ സംഘടിത നീക്കങ്ങള്‍ ചില നിക്ഷിപ്ത കേന്ദ്രങ്ങള്‍ അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് 2019-20 ഫിനാന്‍സ് അക്കൗണ്ട് റിപ്പോര്‍ട്ട് നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. ട്രഷറി സേവിങ്സ് ബാങ്കിനെതിരെയും ഇതേ കോണുകളില്‍നിന്ന് നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനെയെല്ലാം നാം ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.