BUSINESSBUSINESS NEWS

ആധുനിക സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതില്‍ കേരളത്തിന് വ്യവസായ ലോകത്തിന്റെ പൂര്‍ണ പിന്തുണ

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമായും പ്രകൃതിഭംഗിയെ നിലനിറുത്തിക്കൊണ്ടും സംസ്ഥാനത്തെ ആധുനിക സമ്പദ് വ്യവസ്ഥയാക്കുന്നതില്‍ രാജ്യത്തെ മുന്‍നിര വ്യവസായികളായ രത്തന്‍ ടാറ്റ, അസിം പ്രേംജി, ആനന്ദ് മഹീന്ദ്ര തുടങ്ങിയവര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച കേരള ലുക്‌സ് അഹെഡ് (ഭാവി വീക്ഷണത്തോടെ കേരളം) എന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ വ്യവസായങ്ങളെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വ്യവസായ പ്രമുഖര്‍.
സംസ്ഥാനത്തിന്റെ പുത്തന്‍ നിക്ഷേപസൗഹൃദ നയങ്ങളോട് പിന്തുണ അറിയിച്ച പ്രമുഖര്‍, ഐടി, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ടൂറിസം എന്നീ മേഖലകളാണ് ത്വരിത വളര്‍ച്ചയ്ക്ക സാധ്യതയുള്ളതെന്ന് വിലയിരുത്തി.
കേരളത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏറ്റവും പറ്റിയ വ്യവസായം ടൂറിസമാണെന്ന് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ പറഞ്ഞു. കേരളത്തിലെ വ്യവസായവത്കരണം മറ്റുള്ള സംസ്ഥാനങ്ങളിലെപ്പോലെ അത്ര ദ്രുതഗതിയിലായിരുന്നില്ല. പ്രകൃതി ഭംഗിയുള്ള പ്രദേശങ്ങളും വിദ്യാഭ്യാസമുള്ള ജനതയുമെന്ന നിലയില്‍ കേരളത്തിന്റെ സാധ്യതകള്‍ ഏറെയാണ്. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വ്യവസായ നയമാണ് കേരളത്തിനാവശ്യം. കേരളത്തിന്റെ തനത് മനോഹാരിതയ്ക്ക് ഭംഗം വരുത്താത്ത രീതിയില്‍ വേണം ടൂറിസം വ്യവസായങ്ങള്‍ പരിപോഷിപ്പിക്കാനെന്നും രത്തന്‍ ടാറ്റ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി ഉറപ്പുവരുത്തുന്നതിനു വേണ്ടി കയറ്റുമതി പ്രോത്സാഹന സമിതിക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ നിക്ഷേപം നടത്താനും സഹകരണം ഉറപ്പുവരുത്താനുമുള്ള നിരവധി അവസരങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തുള്ള സംരംഭകത്വവും നൈപുണ്യവും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആധുനിക വ്യവസായ മേഖലയുടെ നിര്‍മ്മാണത്തിന്റെ പ്രഖ്യാപനം കൂടിയാണ് ഈ സമ്മേളനം.
കൃഷി, വ്യവസായം എന്നിവയില്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗമായിരിക്കും കേരളത്തിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകം. മികച്ച തൊഴില്‍, നൈപുണ്യശേഷി, പരിസ്ഥിതിസൗഹൃദമായ സാമ്പത്തികവളര്‍ച്ച, സുസ്ഥിര വികസനം എന്നിവ അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കൈവരിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ മനുഷ്യവിഭവശേഷി, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണ സംവിധാനം, ആരോഗ്യം എന്നിവയിലെ പ്രതിബദ്ധത രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് വിപ്രൊ സ്ഥാപകന്‍ അസിം പ്രേംജി പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ കേരളം മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ലോകത്തെ വികസിത രാജ്യങ്ങള്‍ക്ക സമാനമാണ് കേരളത്തിന്റെ നേട്ടങ്ങള്‍. സാമ്പത്തികവളര്‍ച്ചയില്‍ സംസ്ഥാനം കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കാന്‍ പ്രാദേശികതലത്തില്‍ നടത്തിയ സാമൂഹ്യ അവബോധ പരിപാടികള്‍ രാജ്യത്തിനൊട്ടാകെ മാതൃകയാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ കേരളത്തില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹരിതവ്യവസായങ്ങളുടെ ആഗോളകേന്ദ്രമായി മാറാന്‍ കേരളത്തിന് എല്ലാ സാധ്യതയുമുണ്ടെന്ന് മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര പറഞ്ഞു. സുസ്ഥിര വികസനത്തിലൂന്നി മാത്രമേ കേരളത്തിലെ വികസനം സാധ്യമാകൂ. ഭാവിയിലെ വ്യവസായങ്ങളിലാണ് കേരളത്തിന്റെ ഭാവിയുള്ളത്. വ്യവസായങ്ങള്‍ ഭൂമിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ചു കൊണ്ടാകരുത്. പരിസ്ഥിതി വിഷയങ്ങളില്‍ വലിയ അവബോധമാണ് ഇന്ന് രാജ്യത്ത് കൈവന്നിരിക്കുന്നത്.
മഹീന്ദ്രയുടെ ടൂറിസം വ്യവസായം പിറന്ന് വീണത് കേരളത്തിലാണെന്ന് ആനന്ദ് മഹീന്ദ്ര ഓര്‍മ്മിച്ചു. വൈദ്യുത വാഹനങ്ങള്‍, ആധുനിക കൃഷി ഉപകരണങ്ങള്‍ എന്നിവയില്‍ കേരളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു.
ജൈവശാസ്ത്ര മേഖലകളില്‍ കേരളത്തിന് ഏറെ സാധ്യതകളുണ്ടെന്ന് ബയോകോണ്‍ ലിമിറ്റഡിന്റെ ചെയര്‍പേഴ്‌സണ്‍ ശ്രീമതി കിരണ്‍ മജൂംദാര്‍ ഷാ പറഞ്ഞു. ഗവേഷണം, നൂതനത്വം എന്നിവയില്‍ കേരളത്തിന്റെ കഴിവുകള്‍ പ്രശസ്തമാണ്. എറണാകുളത്തെ കൊച്ചിന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്ക് ലോകോത്തര സ്ഥാപനങ്ങളാകാനുള്ള ശേഷിയുണ്ട്. ആരോഗ്യ സാങ്കേതിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ച് ഇവയ്ക്ക് പ്രമുഖപദവി നേടാനാകുമെന്നും അവര്‍ പറഞ്ഞു.
നൈപുണ്യ വികസനത്തിന് വെര്‍ച്വല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും തുടങ്ങാന്‍ നടപടികളെടുക്കണമെന്ന് അക്‌സിലര്‍ വെഞ്ച്വേഴ്‌സിന്റെ ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഓരോ വീടുകളും ചെറിയ വ്യവസായ യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലേക്ക് ഇത്തരം പരിശീലനകേന്ദ്രങ്ങള്‍ സഹായിക്കും.
ടൂറിസത്തിന്റെ പൂര്‍ണമായ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തെ എല്ലാ ഹോട്ടല്‍ മുറികളും കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാവുന്നതാണ്. 5 ജി സാങ്കേതികവിദ്യ, നിര്‍മ്മിതബുദ്ധി, മെഷീന്‍ ലേണിംഗ്, ബയോടെക്‌നോളജി എന്നിവയുടെ ഹബ്ബായി കേരളം മാറണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കേരളത്തില്‍ നടത്തിയിട്ടുള്ള 15,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് പുറമെ 8000 കോടി രൂപയുടെ പദ്ധതികള്‍ കൂടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ എം എ യൂസഫലി സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഐടി, ആരോഗ്യസംരക്ഷണം, ആതിഥേയ വ്യവസായം, ഭക്ഷ്യസംസ്‌ക്കരണം, ആശുപത്രി ഉപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലാകും നിക്ഷേപങ്ങള്‍. വ്യവസായ യൂണിറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 15 ഏക്കര്‍ സ്ഥലപരിധി ഒഴിവാക്കുകയും കയറ്റുമതി പ്രോത്സാഹന സമിതിയും രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനീസ് മാതൃകയില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ വ്യവസായം തൂടങ്ങാന്‍ സാധിക്കുന്ന രീതിയില്‍ നയത്തില്‍ മാറ്റം വരുത്തണമെന്ന് ആര്‍ പി ഗ്രൂപ്പ് എംഡി ശ്രീ രവി പിള്ള അഭിപ്രായപ്പെട്ടു. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ആരോഗ്യസംരക്ഷണം, ടൂറിസം, റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ എന്നീ നാല് മേഖലകള്‍ ശക്തിപ്പെടുത്തണം. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, നിര്‍മ്മിതബുദ്ധി, ഗതാഗത സാങ്കേതിക വിദ്യ എന്നിവയുടെ കേന്ദ്രമാകാന്‍ സംസ്ഥാനത്തിന് സാധിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി കേരളത്തിലേക്കെത്തുന്ന പുതിയ വ്യവസായങ്ങള്‍ക്ക് മൂലധന സഹായം നല്‍കാവുന്നതാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കേരളത്തിലെ 42 നദികളിലുമുള്ള വെള്ളം ഉപയോഗപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം കയറ്റുമതി ചെയ്യാനുള്ള സാധ്യതകള്‍ തേടണമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സിഎംഡി ഡോ. ആസാദ് മൂപ്പന്‍ നിര്‍ദ്ദേശിച്ചു. ഈ നദികളിലെ വെള്ളം പാഴായിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയടങ്ങിയ സ്മാര്‍ട്ട് നഗരങ്ങള്‍ക്ക് രൂപം നല്‍കണം. സര്‍ക്കാരിന് ഭൂമി ഏറ്റെടുത്തു നല്‍കി ഈ പദ്ധതികളില്‍ പങ്കാളികളാകാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 20 വര്‍ഷമായി കേരളത്തില്‍ 4000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. ഇന്നു വരെ തൊഴിലാളികളുടെ അതൃപ്തി കാരണം ഒരു പ്രവൃത്തി ദിനം പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker