കൊച്ചി: പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും ഖത്തര്‍ ആസ്ഥാനമായ ബെഹ്സാദ് ഗ്രൂപ്പ് ചെയര്‍മാനുമായ സി.കെ.മേനോന്റെ ( ചേരില്‍ കൃഷ്ണ മേനോന്) ഒന്നാം ചരമവാര്‍ഷിക ദിനം ഇന്ന്. പ്രവാസി സമൂഹിക സാംസ്കാരിക മേഖലയിലെ നിറഞ്ഞ സാന്നിധ്യവും തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും പ്രവാസി ലോകത്ത് നിറഞ്ഞു നില്ക്കുന്നു. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി രാജ്യം പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചിരുന്നു. പ്രവാസി ഭാരതീയ സമ്മാന്‍, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്കാരം, പി വി സാമി സ്മാരക പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിരുന്നു.
തൃശൂരിലെ ആദ്യകാല ബസ് സര്‍വീസായ ശ്രീരാമരാജ്യം ബസ് ഗ്രൂപ്പ് ഉടമ പുളിയങ്കോട്ട് നാരായണന് നായരുടെയും ചേരില്‍ കാര്‍ത്ത്യായനി അമ്മയുടെയും മകനായ സി.കെ. മേനോന് അഭിഭാഷകനായി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത ശേഷമാണു ഖത്തറിലേക്കു വ്യവസായ സംരംഭത്തിനായി പോയത്.
പാകിസ്ഥാന് വ്യവസായിയുടെ കമ്പനിയില്‍ സൂപ്പര്‍വൈസറായി പ്രവാസജീവിതം തുടങ്ങിയ സി.കെ. മേനോന് 76ല്‍ ദോഹയിലെ പെട്രോളിയം ട്രാന്‍സ്പോര്‍ട് കമ്പനിയായ ബെഹ്സാദ് കോര്‍പറേഷനില്‍ പങ്കാളിയായി. തുടര്‍ന്നു സ്റ്റീല്‍, നിര്‍മാണം തുടങ്ങിയ മേഖലകളിലേക്കു വ്യവസായം വികസിപ്പിച്ചു. ഫോബ്സ് മാഗസിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ മേനോന് പല തവണ സ്ഥാനം നേടിയ അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്നു. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അഡ്വൈസറി കൗണ്‍സിലിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.
സൗദിയില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട നാലു പേരെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കാനാവശ്യമായ സാമ്പത്തിക സഹായം ചെയ്തതും ശിക്ഷ ഒഴിവാക്കാനായി ഇരകളുടെ കുടുംബത്തിന്റെ അനുമതി നേടിയെടുത്തതും മേനോനായിരുന്നു. ഇറാഖ് യുദ്ധത്തില്‍ അവിടെ കുടുങ്ങിയ നഴ്സുമാരെ നാട്ടില്‍ എത്തിക്കുന്നതിനായി ഇറാഖ് അധികൃതരുമായി ചര്‍ച്ച നടത്തുന്നതില്‍ മുന്‍കയ്യെടുത്തു വിജയിച്ചതും ഇദ്ദേഹമാണ്.
ബെഹ്സാദ് ട്രാന്‍സ്പോര്‍ട്സ്, അലി ബിന്‍ നാസര്‍ അല്‍ മിസ്നദ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് ട്രേഡിങ് കമ്പനി, ഭവന്‍സ് പബ്ലിക് സ്കൂള്‍, ഓറിയന്റല്‍ ബേക്കറി, ബെഹ്സാദ് ട്രേഡിങ് എന്റര്‍പ്രൈസസ്, ബെഹ്സാദ് ഷിപ്പ് ചാന്റലര്സ്, അലി ബിന്‍ നാസര്‍ അല്‍ മിസ്നഡ് എക്യുപ്മെന്റ് ആന്‍ഡ് ട്രേഡിങ്, ബെഹ്സാദ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, യുകെയിലെ ബെഹ്സാദ് ഫ്യൂവല്‍സ്, സുഡാനിലെ ബെഹ്സാദ് സ്റ്റീല്‍ കമ്പനി, കേരളത്തിലെ സൗപര്‍ണിക ഗ്രൂപ്പ്, ബെഹ്സാദ് ട്രാന്‍സ്പോര്‍ട്, സ്റ്റീല്‍ ഫാബ്രിക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മായിരുന്നു.
ഭാര്യ: ജയശ്രീ കൃഷ്ണമേനോന്. മക്കള്‍: ജയകൃഷ്ണന് മേനോന് (എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബെഹ്സാദ്), അഞ്ജന (ദോഹ), ശ്രീരഞ്ജിനി (യുകെ). മരുമക്കള്‍: ശില്പ, ഡോ. ആനന്ദ് (ദോഹ) ഡോ. റിതേഷ് (യുകെ)