കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ അവസാനിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൊച്ചിയിലെ ഓഫീസില്‍ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ 12 മണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ പുറത്തുവിട്ടത്. ഇനി അടുത്തയാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. രവീന്ദ്രന് നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടു. വരുന്ന ആഴ്ച ആദ്യം കൂടുതല്‍ രേഖകളുമായി ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് രവീന്ദ്രന് കൊച്ചി ഇ.ഡി. ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 8.45ന് ഹാജരായിരുന്നു. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്ന രവീന്ദ്രന്റെ ഹര്‍ജി രാവിലെ ഹൈക്കോടതി തള്ളിയിരുന്നു.
രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്ശിവശങ്കര് അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇ.ഡി.ക്കു ലഭിച്ചിരിക്കുന്ന വിവരം.
ലൈഫ് മിഷന്, കെഫോണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഇടപാടുകളില്‍ ശിവശങ്കറിനു നിര്‍ദേശങ്ങള്‍ രവീന്ദ്രനില്‍നിന്നാണു ലഭിച്ചതെന്നാണ് ഇ.ഡി. നല്കുന്ന സൂചന. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രവീന്ദ്രന് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.
ശിവശങ്കറിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ.ഡി.യുടെ ചോദ്യത്തിന് രവീന്ദ്രന് വിളിക്കാറുണ്ടായിരുന്നുവെന്നും വിസ സ്റ്റാമ്പിങ്ങും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴിനല്‍കിയിരുന്നു.