FeaturedBREAKING NEWSKERALA

കലണ്ടര്‍

 

  

കെ എം സന്തോഷ് കുമാര്‍

ര്‍ഷങ്ങളുടെ ഋതുഭേദ താളുകള്‍ മറിഞ്ഞ് മാറി പുതുവര്‍ഷമെത്തുന്നു… അതേ… ചുവരിലെ ആണിയില്‍ പുതിയൊരു വര്‍ഷ കലണ്ടര്‍ കൂടി ഇടം പിടിയ്ക്കുന്നു. പുതുകാലത്ത്, ഓരോരുത്തരും ഓര്‍ത്തു വയ്‌ക്കേണ്ട പ്രധാനപ്പെട്ട ദിവസങ്ങളും സംഭവങ്ങളും ഫെയ്‌സ് ബുക്ക് നമ്മെ ഓര്‍മ്മപ്പെടുത്തും. ആന്‍ഡ്രോയ്ഡ് ഫോണിനും സോഷ്യല്‍ മീഡിയയ്ക്കും മുന്‍പ് ആ വിധമുള്ള ഓര്‍മ്മ പുസ്തകം കലണ്ടര്‍ ആയിരുന്നു. കുഞ്ഞുങ്ങളുടെ ജനന ദിവസവും പാടത്ത് വിതയേറ്റിയതും ക്ഷണം കിട്ടിയിട്ടുള്ള കല്യാണ ദിവസങ്ങളും പാല്‍ വാങ്ങിയ കണക്കുമെല്ലാം അടയാളപ്പെടുത്തിയ, മഷിയുണങ്ങി കരുവാളിച്ച, പോയ പോയവര്‍ഷത്തെ കലണ്ടര്‍ വലിച്ചെറിയാനാവാത്ത ഒരു ആത്മബന്ധത്തോടെ പുതിയതിന്റെ കീഴില്‍ സൂക്ഷിക്കുന്നു. പൊടി പിടിച്ച് നിറം മങ്ങി അതവിടെ കുറച്ചു കാലം അതവിടെയുണ്ടാകാം.. പിന്നെ പൊട്ടിവീണേക്കാം , അല്ലെങ്കിലെപ്പോഴെങ്കിലും അശ്രദ്ധമായ് ദൂരേക്ക് വലിച്ചെറിഞ്ഞു കളഞ്ഞേക്കാം … ഇന്നിന്റെ നിലനില്പും അതിജീവനവും നാളേയ്ക്കുള്ള കുതിപ്പു കിതപ്പുമായുള്ള ജീവിതത്തില്‍, ഇന്നലകളെ നിര്‍ണ്ണയിച്ച ഒരു മറവിക്കടലാ സായി പഴയ കലണ്ടര്‍… ഏകാദശിയും ഞാറ്റുവേലയും ഷഷ്ഠിയും രാഹുകാലവും പെരുന്നാളും ഉത്സവങ്ങളും ആഘോഷദിവസങ്ങളും അവധി ദിനങ്ങളുമെല്ലാം അതിനി നമ്മെ ഓര്‍മ്മപ്പെടുത്തേണ്ടതില്ല .. കടന്നു പോകുന്ന ഓരോ വര്‍ഷവും ഓര്‍മ്മിക്കപ്പെടേണ്ടത് ഏതുവിധമാണ്? വ്യക്തിനിഷ്ഠമായ അനുഭവ മുദ്രകളിലൂടെയോ, ലാഭ നഷ്ടങ്ങളുടെ കണക്കെടുപ്പിലൂടെയോ, ചരിത്ര പ്രധാനമായ സംഭവങ്ങളിലൂടെയോ , വിപണിയിലെത്തി നിത്യ ജീവിതത്തിന്റെ ഘടകമായി മാറിയ വിശേഷ ഉല്പന്നങ്ങളുടെ വിസ്മയത്തിലൂടെയോ … ? സാമൂഹ്യ നന്മതിന്മകളുടെ വിലയിരുത്തലിലൂടെയോ ,വികസന പുരോഗതിയുടെ ഗ്രാഫി ലൂടെയോ ,രാഷ്ട്രീയ അധികാര മാറ്റങ്ങളുടെ കയറ്റിറക്കങ്ങളിലൂടെയോ , പോരാട്ടങ്ങളുടെ വിജയത്തിന്റെ പേരിലോ ,കീഴടങ്ങലിന്റെ അപമാനത്തിന്റെ പേരിലോ?
കലണ്ടര്‍ കണക്കില്‍ കാലത്തെ ചിട്ടപ്പെടുത്തിയിട്ടുള്ളതും വര്‍ഷക്കള്ളികളില്‍ അനുഭവങ്ങളെ ഓര്‍ത്തു വയ്ക്കുന്നതും മനുഷ്യര്‍ മാത്രമാണല്ലോ…. അതിനാല്‍ മനുഷ്യന്‍ എന്ന അര്‍ത്ഥത്തില്‍ ,മാനവികത സൂക്ഷിക്കുന്നതില്‍ നാം എത്രമാത്രം ജാഗ്രതരായിരുന്നു എന്നതളക്കാന്‍ ഒരു രസമാപിനി ഉണ്ടെങ്കില്‍ അതിലെ ഉയര്‍ച്ചയുടെ ഗണിതത്തിലാകണം ഓരോ വര്‍ഷത്തേയും നാം അടയാളപ്പെടുത്തേണ്ടത് എന്നു തോന്നുന്നു.. അപരനോടുള്ള കരുതലില്‍, പരസ്പരം സ്‌നേഹിക്കുന്നതില്‍ നമുക്ക് എത്ര മാത്രം കഴിഞ്ഞു കഴിഞ്ഞില്ല എന്ന വിലയിരുത്തലും, വീഴ്ചകളോ ഇടര്‍ച്ചകളോ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനായി വരും വര്‍ഷത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനുമുള്ള മന: നിശ്ചയവുമുണ്ടാകണം. വിദ്വേഷത്തിന്റെ ആശയത്തേയും രൂപത്തേയും അകറ്റി നിര്‍ത്താനും, നീതിപക്ഷത്ത് ഉറച്ചു നില്‍ക്കാനും, പരസ്പര സ്‌നേഹത്തിന്റേയും മാനവികതയുടേയും പതാക വാഹകരാകാനും നാം ഉള്ളുറപ്പിക്കുക… അസാധാരണമായ ദുരനുഭവങ്ങളിലൂടെ യാണല്ലോ 2020 ല്‍ ലോകം കടന്നു പോയത്.. വരും വര്‍ഷം ആകുലതകളും ആശങ്കകളുമൊഴിഞ്ഞതാകട്ടെ .. നന്മകളുടേതാകട്ടെ … മതിലുകളെല്ലാമിടിയുമെന്നും മനസിന്റെ അതിരുകള്‍ ആകാശമാകുമെന്നും പ്രിയ കവി ഒഎന്‍വി പാടിയതുപോലെ, നമുക്കും ആശിക്കാം..

 

Related Articles

Back to top button