BREAKINGNATIONAL

ഭാര്യയുടെ ഓരോ ചലനവും അറിയണം, നഗരത്തിലെ പൊതുക്യാമറകള്‍ ദുരുപയോഗം ചെയ്ത പൊലീസുകാരനെതിരെ നടപടി

ഭാര്യയുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ നഗരത്തിലെ പൊതുക്യാമറകള്‍ ഉപയോഗിച്ച പൊലീസുകാരനെതിരെ നടപടി. യുഎസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ റയാന്‍ ടെറല്‍ ആണ് നഗരത്തിലെ പൊതുക്യാമറകള്‍ ദുരുപയോഗം ചെയ്തത്. ഇദ്ദേഹം കുറ്റം സമ്മതിക്കുകയും ഏപ്രില്‍ മാസം മുഴുവന്‍ താന്‍ നിരീക്ഷണ ക്യാമറകള്‍ ഉപയോഗിച്ച് ഭാര്യയെ ഓരോ നിമിഷവും പിന്തുടരുകയായിരുന്നുവെന്ന് പറയുകയും ചെയ്തു. കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ശിക്ഷാനടപടികളുടെ ഭാഗമായി ജോലിയില്‍ നിന്ന് തരംതാഴ്ത്തി.
ഭാര്യയുടെ സുരക്ഷയില്‍ തനിക്ക് ആശങ്കയുള്ളതു കൊണ്ടാണ് നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഓരോ നിമിഷവും അവരെ പിന്തുടര്‍ന്നത് എന്നാണ് പൊലീസിനോട് ടെറല്‍ ആദ്യം വിശദീകരിച്ചത്. എന്നാല്‍, പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് ഭാര്യ തന്നെ ചതിക്കുന്നുണ്ടോ എന്ന് അറിയാനാണ് താന്‍ ഇത്തരത്തില്‍ ഒരു മാര്‍ഗ്ഗം സ്വീകരിച്ചത് എന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. അന്വേഷണത്തില്‍ മറ്റൊരു വിധത്തിലുമുള്ള കുറ്റകരമായ നടപടികളും ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന് കണ്ടെത്തിയെങ്കിലും പൊതുസംവിധാനങ്ങള്‍ വ്യക്തിപരമായ ആവശ്യത്തിനായി ദുരുപയോഗം ചെയ്തതിനാല്‍ ഇയാള്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു.
സുരക്ഷാ ക്യാമറകളുടെ ചുമതലയുണ്ടായിരുന്ന ലെഫ്റ്റനന്റ് പദവി ഉണ്ടായിരുന്നു ഉദ്യോഗസ്ഥനായിരുന്നു ടെറല്‍ മുമ്പ്. എന്നാല്‍, സുരക്ഷാ ക്യാമറകള്‍ ദുരുപയോഗം ചെയ്തത് കണ്ടെത്തിയതോടെ അദ്ദേഹത്തെ മാസ്റ്റര്‍ പട്രോള്‍ ഓഫീസറായാണ് തരംതാഴ്ത്തിയിരിക്കുന്നത്. കൂടാതെ, ആറ് മാസത്തെ പ്രൊബേഷണറി കാലയളവില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയും സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു.
യുഎസ് നേവിയില്‍ മാസ്റ്റര്‍ അറ്റ് ആംസ് എന്ന നിലയിലാണ് ടെറല്‍ തന്റെ ഔദ്യോഗിക യാത്ര ആരംഭിച്ചത്. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, 2008 സെപ്റ്റംബര്‍ മുതല്‍ സിറ്റി ഓഫ് നോര്‍ത്ത് ചാള്‍സ്റ്റണ്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button