
ചൈനീസ് സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേണൽ ബിക്കുമല്ല സന്തോഷ് ബാബുവിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. സന്തോഷ് ബാബുവിന്റെ സംസ്കാരചടങ്ങുകൾ സ്വദേശമായ തെലങ്കാനയിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കൊവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി 50 പേർ മാത്രമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.
ബുധനാഴ്ച രാത്രിയോടെയാണ് സന്തോഷ് ബാബുവിന്റെ മൃതദേഹം ഹൈദരാബാദിലെ ഹകിംപേട്ട് വ്യോമസേനാ താവളത്തിലെത്തിച്ചത്. തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജൻ, ഐടി മന്ത്രി കെ.ടി രാമറാവു തുടങ്ങിവർ ഇവിടെ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് മൃതദേഹം സൂര്യാപേട്ടിന് സമീപം വിദ്യാനഗറിലെ വീട്ടിലെത്തിച്ചു. നിരവധി പേരാണ് സന്തോഷ് ബാബുവിനെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. തിങ്കളാഴ്ച രാത്രി ലഡാക്കിലെ ഗൽവാൻ വാലിയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.