BUSINESSBREAKING NEWSBUSINESS NEWS

നികുതി വെട്ടിപ്പ്: മിനി മുത്തൂറ്റ് എംഡി റോയ് മാത്യുവിനെ കസ്റ്റംസ് പിടികൂടി

കൊച്ചി: കസ്റ്റഡിയില്‍ എടുത്ത മിനി മുത്തൂറ്റ് എംഡി റോയ് മാത്യുവിനെ കസ്റ്റംസ് കര്‍ശന ഉപാധികളോടെ വിട്ടയച്ചു. കസ്റ്റംസ് തീരുവയായി വെട്ടിച്ച 30 കോടി രൂപ അടക്കുന്നത് സംബന്ധിച്ച് വരുന്ന ബുധനാഴ്!ച്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന ഉപാധിയിലാണ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 25 കോടി രൂപ തിരിച്ചടയ്ക്കുന്നതിലും തീരുമാനം അറിയിക്കണം. ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ടിലേയ്ക്കായി വിദേശത്ത് നിന്ന് 14 കോടി രൂപയുടെ സാധനങ്ങള്‍ കസ്റ്റംസ് തീരുവ വെട്ടിച്ച് ഇറക്കിയതിലാണ് കസ്റ്റംസ് അന്വേഷണം നടക്കുന്നത്.
തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിര്‍മ്മാണമെന്ന് കണ്ടെത്തിയതോടെ 2013 ല്‍ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതിയും ഇത് ശരിവെച്ചു. ആലപ്പുഴ ചേര്‍ത്തലയിലെ നെടിയംതുരുത്തില്‍ മുത്തൂറ്റ് മിനി ഗ്രൂപ്പും കാപ്പിക്കോ കുവൈറ്റ് കമ്പനിയും ചേര്‍ന്ന് കെട്ടിപ്പൊക്കിയ റിസോര്‍ട്ടിലേക്കായി വിദേശത്ത് നിന്ന് എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ആഡംബര വസ്തുക്കളാണ്. 2009 മുതല്‍ തുടങ്ങിയ ഇറക്കുമതിയില്‍ 14 കോടി രൂപ കസ്റ്റംസ് തീരുവ വെട്ടിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് കസ്റ്റംസ് നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും റോയ് മാത്യു നികുതി തുക അടച്ചില്ല. തുടര്‍ന്നാണ് റോയ് മാത്യുവിനെ തിരുവല്ലയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ഉച്ചയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചത്. കേന്ദ്ര പരോക്ഷ നികുതി വകുപ്പിന്റയെും അന്വേഷണം ഇക്കാര്യത്തില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ റോയ് മാത്യുവിന്റെ ചോദ്യം ചെയ്യലിന് മുത്തൂറ്റ് ഗ്രൂപ്പുമായി യാതൊരു ബന്ധമില്ലെന്ന് മിനി മുത്തൂറ്റ് ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കാപ്പിക്കോ കേരള റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ റോയ് മാത്യുവിന് നാമമാത്രമായ ഓഹരി മാത്രമേ ഉള്ളുവെന്നും കമ്പനി അറിയിച്ചു.

Related Articles

Back to top button