അമ്പലവയല്‍ (വയനാട്): ഷോറൂമില്‍ സര്‍വീസിനു നല്കിയ കാര്‍ മോഷ്ടിച്ചു കടന്ന കള്ളനെ ഉടമയും സംഘവും ഓടിച്ചിട്ടു പിടികൂടി. കാര്‍ മോഷ്ടിച്ച ബെംഗളൂരു സ്വദേശി നസീറിനെ (56) പെ!ാലീസ് അറസ്റ്റ് ചെയ്തു.
ബത്തേരി സ്വദേശി സര്‍വീസിനു കൊടുത്ത വാഹനം കാക്കവയലിലെ ഷോറൂമില്‍ താക്കോല്‍ സഹിതം കിടന്നതാണ് കള്ളനു കാര്യങ്ങള്‍ എളുപ്പമാക്കിയതെന്നു പൊലീസ് പറയുന്നു.
ദേശീയപാതയിലൂടെ അമിതവേഗത്തില്‍ പാഞ്ഞ റോഡില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ ഇന്റര്‍സെപ്റ്ററില്‍ പതിഞ്ഞു. ഓവര്‍സ്പീഡിന്റെ വിവരം പറയാന്‍ ഉടമയുടെ ഫോണിലേക്ക് പൊലീസ് വിളിച്ചു. സര്‍വീസിനു കൊടുത്ത വണ്ടി ഓവര്സ്പീഡിനു റഡാറില്‍ കുടുങ്ങിയതറിഞ്ഞ് ഞെട്ടിയ ഉടമ ഷോറൂമില്‍ ബന്ധപ്പെട്ടു. അപ്പോഴാണ് ആരോ വണ്ടിയുമായി കടന്നുവെന്നറിയുന്നത്.
മറ്റൊരു കാറില്‍ കള്ളനെ തിരഞ്ഞിറങ്ങിയ ഉടമയ്ക്കു മുന്നിലും ഇതേ കാര്‍ പെട്ടു പാഞ്ഞു പോയ കാര്‍ ചെറിയ റോഡിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ സമീപത്തെ ബൈക്കുകള്‍ ഇടിച്ചിട്ട് റോഡരികിലെ പൈപ്പുകളുടെ മുകളിലേക്ക് ഓടിക്കയറി. പിന്നെയും മുന്നോട്ട് ഓടിച്ച കാര്‍ കുറച്ചു ദൂരെയെത്തിയപ്പോള്‍ നിര്‍ത്തിയിട്ട് മോഷ്ടാവ് സ്ഥലംവിട്ടു.
ഇതിനടുത്തുള്ള കെട്ടിടത്തിനുള്ളില്‍ നിന്ന് മോഷ്ടാവിനെ തിരഞ്ഞു പിടിക്കുകയായിരുന്നു. ആളുകളെ കണ്ടതോടെ ബോധം കെട്ടതായി അഭിനയിച്ചു നിലത്തുകിടന്ന മോഷ്ടാവിനെ പിന്നീട് മീനങ്ങാടി പൊലീസ് എത്തി അറസ്റ്റ് ചെയ്തു.