തിരുവനന്തപുരം: സി.ബി.ഐ അന്വേഷണത്തിന് നല്‍കിയിരുന്ന പൊതുഅനുമതി റദ്ദാക്കിയതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ കൈമാറുന്ന ആദ്യ കേസാണ് സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട ലൈംഗികാരോപണ പരാതികള്‍. വടക്കാഞ്ചേരി ലൈഫ് മിഷന് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സി.ബി.ഐ തീരുമാനിച്ചതാണ് സംസ്ഥാന സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് നവംബര്‍ നാലിന് സി.ബി.ഐ അന്വേഷണത്തിനുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. അനുമതി പിന്‍വലിച്ച് 80 ദിവസത്തിനു ശേഷമാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ പരാതിയിലെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറുന്നത്.
ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സെക്ഷന്‍ ആറ് പ്രകാരം വിജ്ഞാപനങ്ങളിലൂടെ നേരിട്ട് കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് നല്കിയ പൊതു അനുമതി മന്ത്രിസഭാ യോഗമാണ് പിന്‍വലിച്ചത്. ഇതോടെ ആവശ്യമെന്ന് കണ്ടെത്തുന്ന കേസുകളുടെ അന്വേഷണം സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ മാത്രമെ സി.ബി.ഐക്ക് കൈമാറൂവെന്നായിരുന്നു തീരുമാനം.
ലൈഫ് മിഷന് പദ്ധതിയെ പുകമറയില്‍ നിര്‍ത്താന്‍ സിബിഐ നീക്കം നടത്തിയെന്നായിരുന്നു സര്‍ക്കാരിന്റെയും സി.പി.എം നേതാക്കളുടെയും ആരോപണം. വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണപദ്ധതിയില്‍ 4.25 കോടി രൂപയുടെ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര നല്കിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം സി.പി.എം നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ യോഗം പൊതുഅനുമതി പിന്‍വലിച്ചത്.
സോളര്‍ പീഡനക്കേസില്‍ പരാതിക്കാരി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് സി.ബി.ഐക്ക് വിട്ടതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്, ബിജെപി നേതാവ് എ.പി.അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. ഇതു സംബന്ധിച് സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.
അതേസമയം സോളാര്‍ കേസ് രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സിപിഎമ്മില്‍ വിയോജിപ്പ് ഉണ്ടെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പഴയ കേസ് വീണ്ടും ഉയര്‍ത്തുന്നത് ഗുണകരമാവില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഇതെല്ലാം തള്ളിയാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്ത് ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.