ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആയിരിക്കും മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. നികുതിദായകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്ന ഉയര്‍ന്ന പ്രതീക്ഷകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
അതേസമയം കേന്ദ്ര ബജറ്റില്‍ ഗ്രാമീണ ഭവനങ്ങള്‍ക്കായുള്ള സംസ്ഥാന സബ്സിഡികള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം ഒരുങ്ങുകയാണെന്നും വിവരമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷ. ഇത് 6.5 ബില്യണ്‍ യുഎസ് ഡോളറിലധികം വരും. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
84 Less than a minute