പത്തനംതിട്ട: ജാതിയുടെയും മതത്തിന്റെ പേരില്‍ ജനങ്ങള്‍ കലഹിക്കുന്ന കാലത്ത് മതം ഒഴിവാക്കി അധികൃതര്‍ ജാതി സര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു കുടുംബം നടത്തിയ സമരം ശ്രദ്ധേയമാകുന്നു.കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ഇവരുടെ സമരം സമൂഹമാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. റാന്നി താലൂക്ക് ഓഫിസിനു മുന്നിലാണ് വടശ്ശേരിക്കര തകിടിയില്‍ വിജയകുമാര്‍,ഭാര്യ ശോഭന, മക്കളായ നേഹ ടി വിജയ്, നിസണ് ടി വിജയ്, കേശവദേവ് എന്നിവര്‍ സമരം നടത്തി ജന ശ്രദ്ധ പിടിച്ചു പറ്റുന്നത്.
ഇവര്‍ തിങ്കളാഴ്ച സൂചനാ സമരം നടത്തിയിരുന്നു. എന്നാല്‍ ബുധനാഴ്ച ഇവരുടെ പ്രശ്നം പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്ബുധനാഴ്ചയും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് താലൂക്കാഫിസിനു മുമ്പില്‍ വീണ്ടും സമരം ആരംഭിച്ചത്. വിജയകുമാറിന്റെ മകള്‍ നേഹയ്ക്ക് ഡിഗ്രിക്കും മകന് നിസണ് പ്ലസ് ടു പ്രവേശനത്തിനും അപേക്ഷ നല്‍കിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.മതം ചേര്‍ക്കാതെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്കാന് കഴിയില്ലെന്നാണ് റാന്നി തഹസില്‍ദാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പ്രകാരം ഇവര്‍ ജൂണില്‍ നല്കിയ അപേക്ഷ നിരസിച്ച് മറുപടി നല്‍കിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. എന്നാല്‍ മുന്‍പ് മതം ചേര്‍ക്കാതെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും അങ്ങനെ തന്നെ തുടരണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അപേക്ഷ നിരസിച്ചപ്പോള്‍ തന്നെ പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹിന് അപ്പീല്‍ നല്‍കിയതായും മനുഷ്യാവകാശ കമ്മീഷന്റെയും ബാലാവകാശ കമ്മീഷന്റെയും ഉത്തരവ് ഉള്ളതായും 2017 ല്‍ താലൂക്കില്‍ നിന്ന് മതം ഒഴിവാക്കി ലഭിച്ച സാക്ഷ്യപത്രവും ഉള്ളതായും കുടുംബം പറയുന്നു.
നേഹയ്ക്ക് ലഭിച്ച എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ മതത്തിന് പകരം സെക്കുലര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മതമില്ലാതെ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതുവരെ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്.