BREAKING NEWSNATIONAL

ഹാഥറാസ് കൂട്ടബലാത്സംഗം: ‘കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കൂ, അല്ലെങ്കില്‍ അവരെ വീട്ടിലേക്ക് കൊണ്ടുപോകും’

ലഖ്‌നൗ: ഹാഥറാസില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സുരക്ഷ നല്‍കാനാകില്ലെങ്കില്‍ അവരെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
‘പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍ ഞാന്‍ അവരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകും. അവരിവിടെ സുരക്ഷിതരല്ല. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.’ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
‘നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ടാണ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്താത്തത്.’ സുരക്ഷ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വിധാന്‍ സഭ ഉപരോധിക്കുമെന്നും അസാദ് പറഞ്ഞു.
സെപ്റ്റംബര്‍ 14 നാണ് ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ 19 കാരി ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്.
അതേസമയം, രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് തോക്ക് ലൈസന്‍സും പിസ്റ്റലുകളും വാങ്ങുന്നതിന് സര്‍ക്കാര്‍ 50% സബ്‌സീഡി നല്‍കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പൗരന്മാര്‍ക്ക് സ്വയം പ്രതിരോധിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button