BREAKINGKERALA

ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ പിണറായിക്ക് പുകഴ്ത്തല്‍, കോണ്‍ഗ്രസില്‍ വിമര്‍ശനം, വിവാദം, ഒടുവില്‍ ചാണ്ടി ഉമ്മന്റെ മറുപടി

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍. തന്നെ കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച ഉമ്മന്‍ചാണ്ടിയുടെ അതേ പാതയിലാണ് താനെന്നാണ് ചാണ്ടിയുടെ പക്ഷം.
ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ സഹായങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു ചാണ്ടി ഉമ്മന്‍ അനുസ്മരണ വേദിയില്‍ പ്രസംഗിച്ചത്. പാര്‍ട്ടി നേതൃത്വത്തിന് മതിപ്പില്ലാഞ്ഞിട്ടും തുടര്‍ച്ചയായി രണ്ടാമതും അനുസ്മരണ ചടങ്ങിന് പിണറായിയെ ക്ഷണിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു. വിമര്‍ശനങ്ങളോട് പ്രതികരിച്ച ചാണ്ടി ഉമ്മന്‍, പറഞ്ഞത് വ്യക്തിപരമായ കാര്യമാണെന്നും അതൊരു രാഷ്ട്രീയവേദിയായിരുന്നില്ലെന്നും മറുപടി നല്‍കി.
അതേസമയം യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്ലിന്റെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയതില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന് ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയില്ല. ഔട്ട്‌റീച്ച് സെല്ലിന്റെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയ ശേഷമാണ് അറിഞ്ഞതെന്ന് ചാണ്ടി വിശദീകരിച്ചു. സോളാര്‍ ആരോപണ സമയത്ത് കുടുംബം ഒറ്റപ്പെട്ടുപോയെന്ന ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ പ്രസ്താവനക്ക് രമേശ് ചെന്നിത്തല മറുപടി നല്‍കി. ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തിയിട്ടില്ലെന്നും ആരോപണ കാലത്ത് അദ്ദേഹത്തിനൊപ്പം ഉറച്ചുനില്‍ക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല വിശദീകരിച്ചു.

Related Articles

Back to top button