കൊല്ലം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി സഹപ്രവര്‍ത്തകന്റെ കറുത്ത പാന്റും മറ്റൊരു അഭിഭാഷകന്റെ കയ്യില്‍ നിന്നു വാങ്ങിയ കഴുത്തിലണിയുന്ന ബാന്‍ഡും ധരിച്ച് അഭിഭാഷക വേഷത്തില്‍ ഹാജരായി ചാണ്ടി ഉമ്മന്‍. ചവയറയില് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ വാഹനം തടഞ്ഞ കേസിലാണ് പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടി ചാണ്ടി ഉമ്മന്‍ ഹാജരായത്.
കരുനാഗപ്പള്ളി കോടതിയിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍ ഹാജരായത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
ചാണ്ടി ഉമ്മനെ കൂടാതെ മൂന്നോളം അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. അഭിഭാഷകവേഷം അണിഞ്ഞ് കോടതിയില്‍ എത്തിയത് തികച്ചും യാദൃശ്ചികമായാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഏതായാലും തികഞ്ഞ രാഷ്ട്രീയക്കാരനായ ചാണ്ടി ഉമ്മന്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി വക്കീല്‍ കുപ്പായം അണിഞ്ഞത് പ്രവര്‍ത്തകര്‍ക്കും ആവേശമായി. ഇത് ആദ്യമായാണ് കേരളത്തില്‍ ഒരു കോടതിയില്‍ അഭിഭാഷകവേഷം അണിഞ്ഞ് ചാണ്ടി ഉമ്മന്‍ എത്തുന്നത്.
കേസില്‍ പൊലീസിന്റെ വാദം കേട്ട കോടതി ആറുപേര്‍ക്കും ജാമ്യം അനുവദിച്ചു. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വക്കീല്‍കുപ്പായം അഴിച്ചുവച്ച് കൊല്ലം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന്റെ വിവിധ പരിപാടികളിലും ചാണ്ടി ഉമ്മന്‍ പങ്കെടുത്തു.