
ഏറെനാൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ചങ്ങനാശേരി നഗരസഭ ചെയർമാൻ പദവി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്. യുഡിഎഫ് ധാരണ പ്രകാരം സാജൻ ഫ്രാൻസിസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യഘട്ട വോട്ടെടുപ്പിൽ രണ്ട് കോൺഗ്രസ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തതും, ജോസഫ് വിഭാഗത്തിലെ തന്നെ ഒരു വോട്ട് അസാധുവായതും ആശങ്ക സൃഷ്ടിച്ചിരുന്നു. ബിജെപി അംഗങ്ങൾ വിട്ടുനിന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ, 16 വോട്ടുകൾ നേടിയാണ് സാജൻ ഫ്രാൻസിസിൻ്റെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി സജി തോമസ് 15 വോട്ടുകൾ നേടി. രണ്ടാംഘട്ട വോട്ടെടുപ്പിൽ ഒരു കോൺഗ്രസ് വോട്ട് അസാധുവായി.
കേരള കോൺഗ്രസിന് ലഭിച്ച രണ്ടരവർഷം തുല്യമായി പങ്കിടാനുള്ള ധാരണ ജോസ് കെ മാണി പക്ഷം ലംഘിച്ചതിൽ പി.ജെ ജോസഫ് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജോസ് ഗ്രൂപ്പിലെ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജിവച്ച ഒഴിവിലാണ് സാജൻ ഫ്രാൻസിസ് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ ഷൈനി ഷാജിയാണ് വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.