ആലപ്പുഴ: ചെന്നിത്തല–തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന് രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഎം തീരുമാനത്തെ തുടര്‍ന്നാണ് രാജി. രാജിവച്ചില്ലെങ്കില്‍ വിജയമ്മയ്ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സി.പി.എം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജിവയ്ക്കണമെന്ന സി.പി.എം നിര്‍ദ്ദേശം പാലിക്കാന്‍ ആദ്യഘട്ടത്തില്‍ വിജയമ്മ തയാറായിരുന്നില്ല.
ചെന്നിത്തല പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. 18 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും ബിജെപിക്കും ആറു വീതവും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബിജെപിക്കും എല്‍ഡിഎഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. ബിജെപി അധികാരത്തില്‍ എത്താതിരിക്കാനാണ് കോണ്‍ഗ്രസ് എല്‍ഡിഎഫിന് പിന്തുണ നല്‍കിയത്.
ചെന്നിത്തല തൃപ്പെരുംതുറയിലെ പഞ്ചായത്ത് ഭരണം രാജിവെച്ചില്ലെങ്കില്‍ നടപടിയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ താക്കീതിനെ നേരത്തെ പ്രാദേശിക നേതൃത്വം തള്ളിയിരുന്നു. നോട്ടീസ് കൈപ്പറ്റിയെങ്കിലും ഉടന്‍ രാജിയില്ലെന്ന പ്രതികരണമാണ് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്റതും. ലോക്കല്‍ കമ്മറ്റികളുടെ പിന്തുണയോട് കൂടിയുള്ള നീക്കത്തില്‍ സി.പി.എം ജില്ലാ നേതൃത്വും പ്രതിസന്ധിയിലായിരുന്നു.
പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിലെ കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ട് സംസ്ഥാന തലത്തില്‍ തന്നെ സിപിഎമ്മിന് നാണക്കേടായ പശ്ചാത്തലത്തിലായിരുന്നു രാജി നിര്‍ദ്ദേശവുമായി ജില്ലാ കമ്മറ്റി മുന്നോട്ടുവന്നത്. രണ്ട് പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് പിന്തുണയില്‍ ജില്ലയില്‍ സിപിഎം അധികാരത്തിലേറിയത്. ഭരണം കിട്ടിയ തിരുവന്‍വണ്ടൂരില്‍ അന്നു തന്നെ സിപിഎം ഭരണ സമതി രാജിവെച്ചു. എന്നാല്‍ ചെന്നിത്തലയില്‍ മൗനാനുവാദത്തില്‍ ഭരണം തുടര്‍ന്നു.
വിഷയം ചര്‍ച്ചകളില്‍ ഇടംപിടിച്ചതോടെ ജില്ലാ നേതൃത്വത്തിന്റെ രാജി പ്രഖ്യാപനവും ഉണ്ടായി. സംസ്ഥാന നയത്തിന് വിരുദ്ധമായ ഈ കൂട്ടുകെട്ടില്‍ പുറത്താക്കല്‍ ഉള്‍പ്പടെയുള്ള അന്ത്യശാസനത്തെ വെല്ലുവിളിച്ച് ഭരണത്തില്‍ തുടരുമെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.
ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കല്‍ കമ്മറ്റികളുടെ കൂടെ പിന്തുണയോടെയാണ് വിജയമ്മ ഫിലേന്ദ്രന് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ചത്.