BREAKING NEWSKERALALATEST

വഴിയോര വിശ്രമകേന്ദ്രത്തിന്റെ പേരില്‍ കോടികളുടെ സ്വത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്നു: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലുള്ള നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവകളോട് ചേര്‍ന്ന് കിടക്കുന്ന 14 കണ്ണായ സ്ഥലങ്ങളില്‍, വഴിയോരവിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുസ്വത്ത് സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചുവെന്ന പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ഉത്തരവിന്റെ പിന്നില്‍ നടന്ന അന്തര്‍നാടകങ്ങള്‍ സഭയും കേരളീയ പൊതുസമൂഹവും അറിയേണ്ടതാണ്. ഒരേക്കറില്‍ അധികം സ്ഥലം വീതം പതിനാല് സ്ഥലങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ വിളിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
28122019 ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം ആയിട്ടാണ് പൊതുമരാമത്ത് വകുപ്പ് ക്രമവിരുദ്ധമായ ഉത്തരവ് ഇറക്കിയത്. ഏറ്റവും ഗുരുതരമായ കാര്യം, പൊതുമേഖലാ സ്ഥാപനമായ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രൊപ്പോസല്‍ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്‍ക്ക് ഈ സ്ഥലം നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാര്‍ക്കറ്റ് വിലയുടെ അഞ്ച് ശതമാനം പാട്ട തുകയായി നല്‍കാം എന്ന് പറഞ്ഞപ്പോള്‍, അത് വേണ്ട എന്ന് തീരുമാനിക്കുകയും, ഫെയര്‍ വാല്യൂവിന്റെ അഞ്ച് ശതമാനം ഈടാക്കി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് സ്ഥലം നല്‍കാന്‍ ആണ് മുഖ്യമന്ത്രി ഉത്തരവ് ഇട്ടത്. അതായത് പൊതുമേഖല സ്ഥാപനം ക്വോട്ട് ചെയ്ത തുകയുടെ പകുതി നിരക്കില്‍ ആണ് സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. എന്നാല്‍ ധനകാര്യവകുപ്പ് ഇടപെട്ട് അത് വീണ്ടും മാര്‍ക്കറ്റ് വിലയുടെ 5 ശതമാനം ആക്കുകയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.
മുഖ്യമന്ത്രി അധികാരത്തില്‍ കയറുമ്പോള്‍ പറഞ്ഞ അവതാരങ്ങളുടെ ആറാട്ടാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാത്തത് മുഖ്യമന്ത്രിക്ക് മാത്രമാണ്. സംസ്ഥാനത്ത് നടക്കുന്നത് കൊള്ള സംഘത്തിന്റെ ഭരണമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യഥാര്‍ഥ മന്ത്രിമാര്‍ ശിവശങ്കറും സ്വപ്‌നയും ചില ഉദ്യോഗസ്ഥരുമെല്ലാമാണ്. എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഉപജാപക സംഘത്തിന്റെ പിന്തുണയോട് കൂടിയാണ്. ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയെന്നാണ് പറയുന്നത്. എന്നാല്‍ രേഖകളുടെ പിന്തുണയോടെയല്ലാതെ ഒരു ആരോപണവും താന്‍ ഉന്നയിച്ചില്ല. ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നെല്ലാം സര്‍ക്കാരിന് പിന്തിരിയേണ്ടി വന്നുവെന്നതാണ് യാഥാര്‍ഥ്യം. ബ്രൂവറി, മാര്‍ക്ക് ദാനം, പമ്പയിലെ മണലെടുപ്പ് ഇതെല്ലാം ഉദാഹരണങ്ങള്‍ മാത്രമാണ്. അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുമെങ്കിലും ജനങ്ങളുടെ മനസ്സില്‍ യു.ഡി.എഫ് വിജയിച്ചൂവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
എന്‍.ഐ.എ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഭരണത്തില്‍ അധോലോകം പ്രവര്‍ത്തിക്കുന്നു. നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്. കണ്‍സള്‍ട്ടന്‍സികളെ പിന്‍വലിക്കില്ലെന്നാണ് പറയുന്നത്. കമ്മീഷന്‍ കിട്ടുന്ന കള്‍സള്‍ട്ടന്‍സികളെ എങ്ങനെയാണ് ഒഴിവാക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നാഷണല്‍ ഹൈവേയ്ക്ക് സമീപത്ത് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഭൂമി തുച്ഛമായ വിലയ്ക്ക് കൈമാറിയെന്ന പുതിയ ആരോപണവും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ചു. ലൈഫ് പദ്ധതിയിലെ അഴിമതി രണ്ടാം ലാവ്‌ലിനായി മാറും. എല്ലാ കൊള്ളയേയും വൃത്തികേടിനേയും പിന്തുണ നല്‍കേണ്ട ബാധ്യത ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ഉണ്ടോയെന്ന് ചിന്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Back to top button