BREAKING NEWSKERALA

സ്വപ്‌നയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി, നിയമനവും അറിവോടെയെന്ന് കുറ്റപത്രം

കൊച്ചി: സ്‌പേസ് പാര്‍ക്കിലെ സ്വപ്ന സുരേഷിന്റെ നിയമനത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെന്നും ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.
സ്വപ്നയും ശിവശങ്കറും പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും ഇരുവരും അഞ്ചാ ആറോ തവണ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയോട് പറഞ്ഞ് സ്‌പേസ് പാര്‍ക്കില്‍ നിയമനം നല്‍കാമെന്ന് ശിവശങ്കര്‍ സ്വപ്നയ്ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരേ ഇ.ഡി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.
കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡിയേയും സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷിനേയും കാണാന്‍ സ്വപ്നയോട് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സന്തോഷ് സ്വപ്നയെ വിളിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. സപേസ് പാര്‍ക്കിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് മനസിലാക്കാനാണ് ഇവരെ കാണാന്‍ നിര്‍ദേശിച്ചതെന്നും സ്വപ്ന നല്‍കിയ മൊഴിയെ ഉദ്ധരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു. സ്വപ്നയും സരിത്തും സന്ദീപും കള്ളപ്പണ ഇടപാട് നടത്തിയതായി തെളിഞ്ഞുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളുടെ ജാമ്യഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്.

Related Articles

Back to top button