ന്യൂഡല്‍ഹി: ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരങ്ങളില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ച് ഒരു ദിവസം പിന്നിടുമ്പോള്‍ ആയുധധാരികളായ ചൈനീസ് സേനയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. വടിവാളും കുന്തവും അടക്കം വന്‍ ആയുധശേഖരവുമായെത്തിയ നാല്‍പ്പതോളം ചൈനീസ് സൈനികര്‍ ഇന്ത്യ പോസ്റ്റുകള്‍ക്ക് സമീപം നിലയുറപ്പിച്ചതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തി. ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്വരയില് നടന്നതിനു സമാനമായ ഒരു സംഘര്‍ഷത്തിനുള്ള പ്രകോപനം സൃഷ്ടിക്കലാണ് ചൈനയുടെ ലക്ഷ്യമെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. പാംഗോങ് തടാകത്തിന്റെ തെക്കന്‍ മേഖലയിലാണ് തിങ്കളാഴ്ച ചൈനയുടെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായത്.
വെടിവയ്പ്പ് നടന്നതായി ചൈനയാണ് ആദ്യം സ്ഥിരീകരിച്ചത്. ഷെന്‍പാവോയില്‍ ഇന്ത്യ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പടിഞ്ഞാറന്‍ മേഖല കമാന്‍ഡ് വക്താവ് കേണല്‍ ഷാങ് ഷൂലി ആരോപിച്ചു. അതിര്‍ത്തി ലംഘനം തടയാന്‍ ആകാശത്തേയ്ക്ക് വെടിവച്ച് മുന്നറിയിപ്പ് നല്‍കിയെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ചൈന തെറ്റിദ്ധാരണ പരത്തുകയാണെന്ന് സൈന്യം പ്രതികരിച്ചു.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നിയന്ത്രണരേഖയുടെ അടുത്തേയ്ക്കുവന്ന് ആകാശത്തേയ്ക്ക് പലതവണ വെടിയുതിര്‍ത്ത് ഇന്ത്യന്‍ സൈനികരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. സംയമനത്തോടെ സ്ഥിതി കൈകാര്യം ചെയ്തതായും ഇന്ത്യയുടെ ഭാഗത്തു നിന്നും വെടിവയ്പ്പുണ്ടായിട്ടില്ലെന്നും സൈന്യം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. റെസാങ് ലയില്‍ ഇരു സേനകളും മുഖാമുഖം നില്‍ക്കുകയാണ്.
പ്രതിരോധമന്ത്രി മൂന്ന് സേനാമേധാവിമാരുമായും സംയുക്ത സേനാ മേധാവിയുമായും ചര്‍ച്ച നടത്തി. ഇന്ത്യ–ചൈന വിദേശകാര്യമന്ത്രിമാര്‍ മറ്റെന്നാള്‍ മോസ്കോയില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് സ്ഥിതി കൂടുതല്‍ വഷളായത്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടാകുന്നത് 45 വര്‍ഷത്തിനിടെ ആദ്യമായാണ്.