ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തുവെന്ന ചൈനയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ത്യ. ഇന്ത്യയുടെ ഭാഗത്തുനിന്ന് അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും ചൈനയാണ് കടന്നുകയറാന്‍ ശ്രമിച്ചതെന്നും സേനാവൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ സൈന്യം ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടില്ല.
ചൈനയാണ് ആദ്യം വെടിവെച്ചതെന്നും ചൈനീസ് പട്ടാളം നിയന്ത്രണ രേഖ ലംഘിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യത്തില്‍ കരസേനയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഉടന്‍ പുറത്തിറക്കും.
നേരത്തെ ഇന്ത്യന്‍ സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്നായിരുന്നു ചൈനയുടെ ആരോപണം. തങ്ങളുടെ സൈനികര്‍ പ്രത്യാക്രമണം നടത്തിയെന്നുമാണ് ചൈനയുടെ അവകാശവാദം. ചെനയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
എന്നാല്‍, എന്ത് തരത്തിലുള്ള പ്രത്യാക്രമണമാണെന്ന് നടത്തിയതെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. ചൈനഇന്ത്യ അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വെവെപ്പുണ്ടായതായി ആരോപണം ഉയരുന്നത്. നേരത്തെ ഗാല്‍വന്‍ സംഘര്‍ഷ വേളയിലും ഇരുവിഭാഗവും തോക്കുകളുപയോഗിച്ചിരുന്നില്ല.