BREAKING NEWSWORLD

കോവിഡ് രോഗികളുടെ പ്രശ്‌നങ്ങള്‍ പുറത്തറിയിച്ച മാധ്യമ പ്രവര്‍ത്തകയെ ചൈന ജയിലടച്ചു

വുഹാന്‍: കോവിഡ് 19 ബാധിച്ചവര്‍ക്ക് നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ പുറംലോകത്തെ അറിയിച്ചതിന്റെ പേരില്‍ പത്രപ്രവര്‍ത്തകയെ ചൈനീസ് അധികൃതര്‍ ജയിലിലടച്ചതായി റിപ്പോര്‍ട്ട്. വുഹാനില്‍ കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ പുറത്തുവിട്ടതിനാണ് അഭിഭാഷകയും പത്രപ്രവര്‍ത്തകയുമായ ഷാങ് ഷാന്‍ എന്ന 37കാരിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
രാജ്യത്ത് ‘കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചെ’ന്ന കുറ്റം ചുമത്തിയാണ് ഷാങ് ഷാനെതിരെ നടപടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ മേയ് മുതല്‍ ഇവരെ ചൈനീസ് അധികൃതര്‍ തടവിലാക്കിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഷാങ് ഷാന്‍ വുഹാനിലെത്തിയിരുന്നു. തുടര്‍ന്ന് കോവിഡ് ബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ചും പത്രപ്രവര്‍ത്തകരെ തടവിലാക്കുന്നതിനെക്കുറിച്ചുമെല്ലാം നിരവധി വാര്‍ത്തകള്‍ അവര്‍ പുറത്തുവിട്ടിരുന്നു. പിന്നീട് മേയ് 14 മുതലാണ്ഇവരെ കാണാതായത്. തുടര്‍ന്ന് ജൂണില്‍ ഇവരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ ഇവരെ പുഡോങ്ങില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സന്നദ്ധ സംഘടന (സിഎച്ച്ആര്‍ഡി) വ്യക്തമാക്കുന്നത്.
സെപ്തംബര്‍ രണ്ടു മുതല്‍ ഷാങ് ഷാന്‍ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചതായും അധികൃതര്‍ ഇവരെ ബലംപ്രയോഗിച്ച് ഭക്ഷണം കഴിപ്പിക്കുന്നതായും സിഎച്ച്ആര്‍ഡി വ്യക്തമാക്കുന്നു. നേരത്തെ ഹോങ്കോങ്ങ് പ്രക്ഷോഭകര്‍ക്ക് അനുകൂലമായ പ്രസ്താവന നടത്തിയതിന് 2019ലും ഇവരെ അധികൃതകര്‍ തടവിലാക്കിയിരുന്നു.കോവിഡ് 19ന്റെ പ്രഭവകേന്ദ്രമെന്ന് കരുതപ്പെടുന്ന വുഹാനിലെ രോഗബാധ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ നേരത്തെയും നിരവധി പേരെ അധികൃതര്‍ തടവിലാക്കിയിരുന്നു. നേരത്തെ മാധ്യമപ്രവര്‍ത്തകരായലീ സെഹുവ, ചെന്‍ ക്വിഷി, ഫാങ് ബിന്‍ എന്നിവരെയും അധികൃതര്‍ തടവിലാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related Articles

Back to top button