ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ മോസ്കോയില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷമൊഴിവാക്കാന്‍ അഞ്ചിന പദ്ധതികള്‍ പ്രഖ്യാപിച്ചു പ്രകോപനം പരമാവധി ഒഴിവാക്കാന്‍ ധാരണയായതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ വച്ചു കാണാതായ നാല് ഇന്ത്യക്കാരെ ചൈന ഇന്നലെ വിട്ടുകൊടുത്തതിനുപിന്നാലെ കിഴക്കന്‍ ലഡാക്കില്‍ വീണ്ടും പ്രകോപനനീക്കങ്ങളുമായി ചൈനയുടെ വെല്ലുവിളി. ചര്‍ച്ചയില്‍ ഒരുമുഖവും പ്രത്യക്ഷത്തില്‍ മറ്റൊരു നിലപാടുമെടുക്കുന്ന ചൈനയുടെ സൈനികഇരട്ടത്താപ്പാണ് ഇതോടെ ദൃഢമായിരിക്കുന്നത്. പാങ്കോങ് ത്സോ തടാകത്തിന്റെ ദക്ഷിണഭാഗത്തെ സ്പംഗൂര് വിടവില്‍ വന്‍ ആയുധ/സൈനിക ശേഖരവുമായി ഇന്ത്യന്‍ പട്ടാളത്തോട് മുഖാമുഖം നിലയുറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
യഥാര്‍ത്ഥ നിയന്ത്രണരേഖ കാക്കാന്‍ ഇന്ത്യന്‍ സൈന്യവും അതീവ ജാഗ്രതയിലാണ്. ചുശൂല്‍ പ്രദേശത്തെ തടാകതീരം മുഴുവന്‍ ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചുകഴിഞ്ഞു. ചൈനീസ് പട്ടാളനീക്കത്തെ ചെറുക്കാന്‍ ഇന്ത്യന്‍ സേനയും ഒപ്പത്തിനൊപ്പം നിലയുറപ്പിച്ചിട്ടുള്ളതായാണ് വിവരം.