EDUCATIONBREAKING NEWSLATESTWORLD

ഇടുപ്പും മുതുകും കാണിക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കണം, ഹൈഹീല്‍ ചെരുപ്പും ഉപേക്ഷിക്കണം; ഇവിടിനി ഇങ്ങനേ പറ്റൂ

ചൈനയിലെ ഒരു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സതേണ്‍ ചൈനയിലെ ഗുവാങ്‌സി യൂണിവേഴ്‌സിറ്റിയുടെ സുരക്ഷാ ഗൈഡ് ആണ് ലിംഗ വിവേചനം എന്ന പേരില്‍ വിവാദത്തിലായത്. സാമൂഹികമായി യാഥാസ്ഥിതിക നിലപാടുകളുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. എങ്കിലും യൂണിവേഴ്‌സിറ്റിയുടെ ഇത്തരമൊരു ഗൈഡ് ലൈന്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ശരീരഭാഗങ്ങള്‍ ഒരുപാട് പ്രകടമാകുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ക്യാമ്പസിനുള്ളില്‍ പാടില്ലെന്നാണ് മുഖ്യനിര്‍ദേശം.
ആളുകളില്‍ പ്രലോഭനം ഉണ്ടാക്കുന്നത് തടയാനാണിതെന്നാണ് വാദം. ‘ഇറക്കം കുറഞ്ഞതോ ശരീരഭാഗങ്ങള്‍ ഒരുപാട് പ്രകടമാകുന്നതോ ആയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല, ആളുകളില്‍ പ്രലോഭനം ഉണ്ടാകാതിരിക്കുന്നതിനായി കഴുത്തിറക്കം കൂടിയ, ഇടുപ്പും മുതുകും കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഒഴിവാക്കണം’ എന്നാണ് നിര്‍ദേശം.
‘നടക്കുന്നതിന് നിയന്ത്രണം വരുത്തുന്ന തരത്തിലുള്ള ഹൈ ഹീല്‍സ് ചെരിപ്പുകളും ചില അവസരങ്ങളില്‍ അനുയോജ്യമല്ല. അതും ഒഴിവാക്കണം.. ഇതിന് പുറമെ തനിയെ പുറത്തു പോകുന്നതും പരമാവധി ഒഴിവാക്കണമെന്നും കഴിഞ്ഞ മാസം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് യൂണിവേഴ്‌സിറ്റിയുടെ ഈ ഗൈഡ് ലൈന്‍ ഓണ്‍ലൈനില്‍ പ്രചരിച്ചത്. പിന്നാലെ തന്നെ നിരവധി ആളുകള്‍ യൂണിവേഴ്‌സിറ്റിക്കെതിരെ രംഗത്തെത്തി. ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം സ്ത്രീകളാണെന്ന് പറഞ്ഞു വയ്ക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണിതെന്നാണ് മുഖ്യ ആരോപണം.
ട്വിറ്ററിന് സമാനമായ വെയ്ബു പ്ലാറ്റ്‌ഫോമിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്. ‘സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ പ്രലോഭനമായി കാണുന്നതെന്തിനാണെന്നാണ് ഒരാളുടെ ചോദ്യം.. ചില പുരുഷന്മാരുടെ മനസ് വികലമായതു കൊണ്ടാണ് ഇത്തരം ചിന്തകളെന്നും ഈ യൂസര്‍ പറയുന്നു. സ്ത്രീകള്‍ ഒന്നും ഇതുവരെ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല പക്ഷെ ഗുവാങ്‌സി യൂണിവേഴ്‌സിറ്റി അവരെ ശാരീരികമായി അധിക്ഷേപിക്കാന്‍ തയ്യാറായി എന്നാണ് മറ്റൊരാളുടെ പ്രതികരണം.
ക്യാമ്പസിനുള്ളില്‍ സംസ്‌കാര മര്യാദ പാലിക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടാനാണ് ഇത്തരം നിര്‍ദേശം എന്നാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ക്യാമ്പസ് അധികൃതരുടെ ന്യായീകരണം. ക്യാമ്പസിനുള്ളില്‍ അല്ലാത്ത സമയത്ത് നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും ധരിക്കാം എന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യാംപെയ്‌നുകളുടെ പശ്ചാത്തലത്തില്‍ ലൈംഗികപീഡനം എന്നതിന്റെ നിര്‍വചനം വിപുലീകരിച്ചു കൊണ്ടും ചില സുപ്രധാന നടപടികള്‍ എടുത്തും ആദ്യത്തെ സിവില്‍ കോഡ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ചൈന പാസാക്കിയിരുന്നു. എങ്കിലും യാഥാസ്ഥിതിക മനോഭാവം വച്ചു പുലര്‍ത്തുന്ന രാജ്യത്ത് ലൈംഗിക അതിക്രമം സംബന്ധിച്ച് തുറന്നു പറയാന്‍ പല സ്ത്രീകളും ഇപ്പോഴും വിമുഖത കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ പല ലൈംഗിക അതിക്രമ സംഭവങ്ങളിലും നീതി ലഭിക്കുക എന്നത് പ്രയാസകരമായാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button