പത്തനംതിട്ട: പത്തനംതിട്ട വികോട്ടയം സെന്റ് മേരീസ് പള്ളി ഏറ്റെടുക്കുന്നതിനെതിരേ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം. പള്ളി ഏറ്റെടുക്കലിനെതിരെ യാക്കോബായ വിഭാഗം പള്ളി പരിസരത്ത് ക്യാമ്പ് ചെയ്യുകയാണ്.
പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം വൈദികനും സഭാ അംഗങ്ങളും സ്ഥലത്തേക്ക് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അവര്‍ ഇന്നു വരില്ലെന്ന് അറിയിച്ചതോടെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തില്‍ അല്പം ശമനം വന്നിട്ടുണ്ട്.
അതേസമയം ഓര്‍ത്തഡോക്സ് വൈദികനും സംഘവും ഇന്ന് വരില്ലെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചാല്‍ മാത്രമേ പിരിഞ്ഞു പോവുകയുള്ളൂ എന്ന് യാക്കോബായ വിഭാഗം അറിയിച്ചിട്ടുണ്ട്.
പള്ളി ഏറ്റെടുക്കുന്നതിനായി ജില്ലാ ഭരണകൂടം പോലീസിന്റെ സഹായം തേടിയിരുന്നു. പള്ളിയിലേക്കുള്ള പ്രവേശന കവാടത്തിന്റെ മുന്‍ഭാഗത്തെ മണ്ണ് നീക്കം ചെയ്ത നിലയിലാണ് ഉണ്ടായിരുന്നത്. പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണ് നീക്കിയതാണെന്നും അല്ലാതെ മനഃപൂര്‍വം കിടങ്ങ് തീര്ത്തതല്ലെന്നുമായിരുന്നു വിശ്വാസികളില്‍ ഒരാള്‍ പ്രതികരിച്ചത്.
കോടതി വിധി അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിലെ പുരോഹിതന് സ്ഥലത്ത് എത്തിയാല്‍ അദ്ദേഹത്തെ തടയാനോ ഉപദ്രവിക്കാനോ ശ്രമിക്കുകയില്ലെന്ന് യാക്കോബായ വിശ്വാസികളില്‍ ഒരാള്‍ പ്രതികരിച്ചിരുന്നു. പ്രദേശത്ത് താമസിക്കുന്നവര്‍ മുഴുവന്‍ യാക്കോബായ വിഭാഗക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കാരണവശാലും പള്ളി ഏറ്റെടുക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍.
പള്ളി ഏറ്റെടുക്കലുമായി മുന്നോട്ടു പോകുന്നതിന് ജില്ലാ ഭരണകൂടം പോലീസിന്റെ സംരക്ഷണവും തേടിയിട്ടുണ്ട്. മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. 1907ല്‍ സ്ഥാപിതമായതാണ് നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള വി കോട്ടയം പള്ളി.