കൊച്ചി : സഭാതര്‍ക്കത്തില്‍ സമരം ശക്തമാക്കി യാക്കോബായ സഭ. കോടതി വിധിയനുസരിച്ച് ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്ന പള്ളികളുടെ മുന്നില്‍ യാക്കോബായ സഭ പന്തല്‍ കെട്ടി സഹനസമരമാരംഭിച്ചു. യാക്കോബായ സഭാ വിശ്വാസികള്‍ക്കുകൂടി ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
സഭാതര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നതാണ് യാക്കോബായ സഭയുടെ ആവശ്യം. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട 52 പളളികളില്‍ അടുത്ത ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി പ്രവേശിക്കുമെന്ന് യാക്കോബായ സഭ അറിയിച്ചിട്ടുണ്ട്. ആരാധനാവകാശം തടയരുതെന്നന്നാവശ്യപ്പെട്ടാണ് 52 പള്ളികള്‍ക്ക് മുന്നിലും പ്രതിഷേധയോഗങ്ങളും, റിലേ സത്യാഗ്രഹങ്ങളും ആരംഭിച്ചിക്കുന്നത്. യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും, സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും സമരസമിതി ജനറല്‍ കണ്‍വീനര്‍ തോമസ് മാര്‍ അലക്സന്ത്രിയോസ് പറഞ്ഞു.
മുളന്തുരുത്തി മാര്‍ത്തോമ പള്ളിക്ക് മുന്നില്‍ നടന്ന സമരത്തില്‍ തോമസ് മാര്‍ അലക്സന്ത്രയോസ്, സഭാ വൈദിക ട്രസ്റ്റി ഫാ.സ്ലീബാ പോള്‍ വട്ട വേലില്‍, പള്ളി വികാരി ഫാ.ഷാജി മാമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്ന വിശ്വാസികളെ തടയില്ലെന്നും, സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. സുപ്രിം കോടതി വിധി അനുസരിക്കാതെയുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ല.
ജനുവരി ഒന്നുമുതല്‍ യാക്കോബായ സഭ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും. സെക്രട്ടറിയേറ്റിനു മുന്നില്‍ മെത്രാപ്പോലീത്തമാരും, വൈദികരും അനിശ്ചിതകാല നിരാഹാര സമരവും നടത്തും. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് യാക്കോബായ – ഓര്‍ത്തഡോക്സ് തര്‍ക്കം വീണ്ടും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് സര്‍ക്കാരിനും തിരിച്ചടിയാണ്.