കൊച്ചി: പള്ളിയിലെ ആള്‍ത്താരയില്‍ ഖുറാന് വചനങ്ങള്‍ ചൊല്ലിയത് വിവാദമായതോടെ വിശ്വാസികളോട് മാപ്പ് പറഞ്ഞ് കൊച്ചി രൂപത. ലത്തീന്‍ കത്തോലിക്കാ സഭയുടെ കൊച്ചി രൂപതയ്ക്ക് കീഴിലുള്ള ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് സംഭവം. പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച ചെല്ലാനം പഞ്ചായത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാഷിമിനെ പള്ളിയില്‍ വിളിച്ച് ആദരിച്ചതിന് ഇദ്ദേഹം ഖുറാന് വാക്യങ്ങളുമായി ആള്‍ത്താരയില്‍ മറുപടി പ്രസംഗം നടത്തിയതായാണ് വിവാദമായത്.
ഇവിടെ വെച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിബുവിനെയും ആദരിച്ചിരുന്നു. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ പള്ളിക്കുള്ളിലായിരുന്നു ചടങ്ങ്. മറുപടിക്ക് ആള്‍ത്താരയിലെ മൈക്കാണ് ഉപയോഗിച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്തീയ ഗാനം ആലപിച്ചു. മുഹമ്മദ് ഷാഹിമാകട്ടെ ഖുറാന് വചനങ്ങള്‍ ആള്‍ത്താരയില്‍ നിന്ന് ചൊല്ലി. ദിവസങ്ങളായി വിശ്വാസികള്‍ക്കിടെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു ഈ സംഭവം. തുടര്‍ന്ന് കൊച്ചി രൂപതാ വക്താവ് ഫാ. ജോണി സേവ്യര്‍ പുതുക്കാട് വീഡിയോ സന്ദേശവും പുറത്തുവിട്ടു.
താന്‍ എല്ലാവര്ക്കും നന്മകള് വരട്ടെയെന്ന് അറബി ഭാഷയില്‍ പ്രാര്‍ത്ഥിച്ചതേയുള്ളൂവെന്നാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാഷിമിന്റെ വിശദീകരണം. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പഠിച്ചതും വളര്‍ന്നതും തിരുവനന്തപുരം കോണ്‍വെന്റ് സ്കൂളിലാണ്. മക്കള്‍ പഠിക്കുന്നതും ക്രിസ്ത്യന്‍ സ്കൂളിലാണ്. ഈ പ്രശ്നത്തെ തുടര്‍ന്ന് രണ്ട് ദിവസമായി ഉറക്കമില്ല. ഫോണിലേക്ക് തുടര്‍ച്ചയായി കോളുകള്‍ വരികയാണെന്നും മുഹമ്മദ് ഹാഷിം മാധ്യമങ്ങളോട് പറഞ്ഞു.
ആള്‍ത്താര പൊതുവേദിയല്ലെന്നും അത് കത്തോലിക്കാ സഭയുടെ പവിത്രമായ ബലിവേദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വ്യക്തിഗത വിശ്വാസങ്ങള്‍ക്കൊപ്പം ആരോഗ്യകാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മുഹമ്മദ് ഹാഷിം ദുര്‍വിനിയോഗിച്ചു. ഇത് അവിവേകമാണ്. നന്മയെ ലക്ഷ്യമിട്ട് നടത്തിയ ചടങ്ങില്‍ മതവത്കരണ പ്രവണത പ്രകടിപ്പിച്ച ഉദ്യോഗസ്ഥനെ പ്രതിഷേധം അറിയിക്കുന്നതായും ഫാ. ജോണി സേവ്യര്‍ പുതുക്കാട് സന്ദേശത്തില്‍ പറയുന്നു.