ഈരാറ്റുപേട്ട: കുരിശിന് മുകളില്‍ കയറി കുട്ടികള്‍ ഫോട്ടോയെടുത്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി. ഈരാറ്റുപേട്ട പള്ളി ഇമാം ഉള്‍പ്പെടെയുള്ളവര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി വൈദികരുമായി കൂടിക്കാഴ്ച നടത്തി.
കുട്ടികളുടെ പ്രവൃത്തിയില്‍ വിശ്വാസികളോട് ക്ഷമ ചോദിക്കുകയാണെന്ന് മഹല്ല് കമ്മിറ്റി പുരോഹിതരെ അറിയിച്ചു. വൈദികരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മഹല്ല് കമ്മിറ്റി അംഗങ്ങള്‍ വൈദികര്‍ക്കൊപ്പം നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന സെന്റ് മേരീസ് പള്ളിയുടെ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസ് 14 കുട്ടികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട കുട്ടികള്‍ മൂന്ന് വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയിരുന്നു. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് തന്നെ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ കേസ് ഒത്തു തീര്‍പ്പാക്കി.
കുരിശിനെ അപമാനിച്ചതില്‍ പ്രതിഷേധവുമായി പൂഞ്ഞാര്‍ ഇടവക പ്രതിനിധി യോഗവും രംഗത്തെത്തിയിരുന്നു. അതേസമയം, കുരിശിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല കുട്ടികള്‍ ചിത്രമെടുത്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഡി ജി പി, കോട്ടയം ജില്ല കളക്ടര്‍, ജില്ല പൊലീസ് മേധാവി എന്നിവര്‍ക്കും സഭ പരാതി നല്കുകയുണ്ടായി.