BREAKING NEWSWORLD

ചൈനയിലെ സമുദ്രോത്പന്നങ്ങളില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം

ബീജിങ്: ചൈനയില്‍ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ പാക്കേജില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇറുക്കുമതി ചെയ്ത പാക്കറ്റുകളിലാണ് ചൈനീസ് അധികൃതര്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ മാസത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ചൈനയില്‍ ഇറക്കുമതി ചെയ്ത സമുദ്രവിഭവ പാക്കേജില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുറമുഖ നഗരമായ ഡാലിയനില്‍ നിന്ന് എത്തിച്ച പാക്കേജുകളിലാണ് വൈറസ് സാന്നിദ്ധ്യം. വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിയോണിംഗിലെ പ്രധാന തുറമുഖ നഗരമായ ഡാലിയനില്‍ അടുത്തിടെ കോവിഡ്19 കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കിഴക്കന്‍ ഷാന്‍ഡോംഗ് പ്രവിശ്യയിലെ തുറമുഖ നഗരമായ യാന്‍തായിയിലെ മൂന്ന് കമ്പനികള്‍ വാങ്ങിയ ഉല്‍പന്നങ്ങളുടെ പുറം പാക്കേജിംഗിലാണ് വൈറസ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാലിയന്‍ തുറമുഖത്ത് എത്തിയ ഇറക്കുമതിചെയ്ത ഉല്‍പന്നത്തിലാണ് വൈറസ് സാന്നിദ്ധ്യമെന്ന് യാന്‍തായ് നഗര ഭരണകൂടം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ അത് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് അറിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ജൂലൈയില്‍, ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീനുകളുടെ പാക്കേജിംഗില്‍ കോവിഡ് വൈറസ് സാന്നിദ്ധ്യം ഡാലിയനിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇക്വഡോറില്‍ നിന്നുള്ള മൂന്ന് ചെമ്മീന്‍ ഉല്‍പാദകരില്‍ നിന്നുള്ള ഇറക്കുമതി ചൈന നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. യാന്‍തായിയിലുള്ള കമ്പനികള്‍ വാങ്ങിയ സമുദ്രവിഭവ പാക്കറ്റുകളില്‍ ചിലത് കയറ്റുമതിക്കായി പ്രോസസ്സ് ചെയ്തിട്ടുണ്ട്, ബാക്കിയുള്ളവ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കുകയാണെന്നും കമ്പോളത്തില്‍ എത്തിയിട്ടില്ലെന്നും പ്രാദേശിക ഭരണകൂടത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, കമ്പനികളില്‍ നിന്ന് ഏതെങ്കിലും പാക്കേജ് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ പ്രാദേശിക സര്‍ക്കാര്‍ വിസമ്മതിച്ചു. ജൂലൈ അവസാനത്തിലാണ്, ഡാലിയന്‍ നഗരത്തില്‍ ആദ്യമായി വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ഒരു സീഫുഡ് പ്രോസസ്സിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിക്കായിരുന്നു രോഗബാധ. ഓഗസ്റ്റ് 9 ഓടെ നഗരത്തില്‍ 92 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ ഉല്‍പന്നങ്ങള്‍ അധികൃതര്‍ സീല്‍ ചെയ്തതായി പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചു. ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്ത എല്ലാവരും ക്വാറന്റൈന് വിധേയരാണെന്നും കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചൈനയിലെ വുഹാനിലാണ് ആദ്യമായി കോവിഡ് രോഗ ബാധ കണ്ടെത്തിയത്.

Tags

Related Articles

Back to top button
Close