SPORTSLATESTOTHERS

ഇന്ത്യയുടെ അത്‌ലറ്റിക് കോച്ച് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

പട്യാല: ഇന്ത്യയുടെ ദേശീയ അത്‌ലറ്റിക് ടീം കോച്ച് നിക്കോളായ് സ്‌നെസറേവിനെ (72) മരിച്ച നിലയില്‍ കണ്ടെത്തി. പട്യാലയിലെ ഹോസ്റ്റല്‍ മുറിയിലാണ് സ്‌നെസറേവിന്റെ മൃതദേഹം കണ്ടത്. ഇന്നലെ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ 3യില്‍ പങ്കെടുക്കാന്‍ എന്‍ ഐ എസില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ട്‌സ്) എത്തിയതായിരുന്നു അദ്ദേഹം.
ടോക്യോ ഒളിംപിക്‌സിന് മുന്നോടിയായി ഇന്ത്യയുടെ അത്‌ലറ്റിക് ടീമിനെ സജ്ജമാക്കുന്ന തിരക്കിലായിരുന്നു സ്‌നെസറേവ്. മാര്‍ച്ച് രണ്ടിനാണ് നിക്കോളായ് സ്‌നെസറേവ് ഇന്ത്യയിലെത്തിയത്. ടോക്യോ ഗെയിംസിനുള്ള താരങ്ങളെ പരിശീലിപ്പിക്കുകയായിരുന്നു നിക്കോളായ്. എന്‍ ഐ എസില്‍ എത്തിയിട്ടും മുന്‍ നിശ്ചയപ്രകാരം തീരുമാനിച്ച ടീം യോഗത്തിന് വരാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മുറി അകത്തു നിന്നു പൂട്ടിയ നിലയില്‍ കണ്ടത്. വാതില്‍ തകര്‍ന്നു അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ മരിച്ച നിലയില്‍ നിക്കോളായ് സ്‌നെസറേവിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് എന്‍ ഐ എസ്സിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡോക്ടറെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. അതിനു ശേഷം പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിനായി പട്യാല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നിക്കോളായ് സ്‌നെസറേവിന്റെ മരണ കാരണം വ്യക്തമല്ലെന്നാണ് വിവരം. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള വിദഗ്ദ്ധ പരിശോധനകളിലൂടെ മാത്രമെ മരണ കാരണം എന്തെന്ന് അറിയാനാകൂ.

Related Articles

Back to top button