CAREEREDUCATIONKERALALATEST

തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ദുരിതക്കയത്തില്‍; നടത്തിപ്പുകാര്‍ പ്രത്യക്ഷ പ്രക്ഷോഭത്തിന്

കോഴിക്കോട്: മാര്‍ച്ച് മധ്യത്തോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ അടഞ്ഞുകിടക്കുന്ന കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാര്‍ ദുരിതക്കയത്തില്‍. 19 ശതമാനം സര്‍വിസ് നികുതിയും വാടകയും വൈദ്യുതി ചാര്‍ജും കൂടാതെ ലോണ്‍ തിരിച്ചടവും നല്‍കാനാകാതെ കടുത്ത ബാധ്യതുമായി ആത്മഹത്യയുടെ വക്കിലാണ് നടത്തിപ്പുകാരെന്ന് അംഗീകൃത പരിശീലന സ്ഥാപനങ്ങളുടെ വെല്‍ഫെയര്‍ അസോസിയേഷന്‍ (എ.സി.ടി.ഐ.ഡബ്ല്യു.എ) നേതാക്കള്‍ പറഞ്ഞു.
മാളുകളും തുണിക്കടകളും ജ്വല്ലറികളും ജിമ്മുകളും ബാര്‍ബര്‍ഷോപ്പുകളും മാര്‍ക്കറ്റുകളും വരെ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടും ആറുലക്ഷത്തോളം കുടുംബങ്ങളുടെ ആശ്രയമായ ഇത്തരം സ്ഥാപനങ്ങളുടെ കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും ഗണത്തിലാണ് സര്‍ക്കാര്‍ പെടുത്തിയതെങ്കിലും 19 ശതമാനം നികുതിയില്‍ യാതൊരു ഇളവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കോവിഡ് സുരക്ഷാ മാനദണ്ഡം അനുസരിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറാണെങ്കിലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നടത്തുന്ന 25000ത്തിലേറെ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. നടത്തിപ്പുകാരിലേറെയും ഇടത്തരക്കാരാണ്. ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആറു ലക്ഷത്തോളം ജീവനക്കാരുടെ കുടുംബങ്ങള്‍ ദുരന്തമുഖത്താണുള്ളത്.
ഈ മേഖലയില്‍ മുഖ്യ സീസണല്‍ ആയ വേനലവധിക്കാലമാണ് അടച്ചുപൂട്ടല്‍ കാരണം നഷ്ടമായത്. സീസണിലെ വരുമാനം കൊണ്ടാണ് ഈ സ്ഥാപനങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്. വാടക, വൈദ്യുതി ബില്‍, നികുതി, ലോണ്‍ തിരിച്ചടവ് എന്നിവ കണ്ടെത്താന്‍ പ്രയാസപ്പെടുന്നിനു പുറമെ, ഉപയോഗിക്കാത്തതു കാരണം കംപ്യൂട്ടറുകളും ഇന്‍വെര്‍ട്ടറുകളും കേടുപാടുകള്‍ സംഭവിക്കുകയോ നശിക്കുകയോ ചെയ്തത് ദുരിതം വര്‍ധിപ്പിച്ചുവെന്നും അസോസിയേഷന്‍ പ്രസിഡന്റ് സഹദ് എ കെ, സെക്രട്ടറി ജോണി ജോസഫ് എന്നിവര്‍ പറഞ്ഞു.
ജിമ്മുകളും സിനിമാ തിയേറ്ററുകളും തുറക്കാന്‍ തീരുാനിച്ചിട്ടും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിഗണിക്കാത്ത നിരാശയില്‍ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തിറങ്ങുകയാണ്. ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളേയും ആയിരക്കണക്കിന് ആശ്രിത ജീവിതങ്ങളേയും കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട നിസ്സംഗതക്കെതിരെ മരണം അല്ലെങ്കില്‍ ജയില്‍ എന്ന മുദ്രാവാക്യം മുഴക്കി ആഗസ്ത് 24ന് രാവിലെ 11ന് എറണാകുളം നഗരത്തില്‍ മാര്‍ച്ച് നടക്കും. ഉടമകളും ജീവനക്കാരും വിദ്യാര്‍ഥികളുമുള്‍പ്പെടെ പതിനായിരങ്ങള്‍ സമരത്തില്‍ അണിനിരക്കുമെന്ന് സംഘാടകരായ കെ ഉമ്മര്‍, രജനി രാജേഷ്, മജീദ് മലപ്പുറം എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button