ഇന്‍ഡോര്‍: കംപ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നാംദേവ് ത്യാഗിയുടെ ആശ്രമം പൊളിച്ചുമാറ്റി മധ്യപ്രദേശ് സര്‍ക്കാര്‍. അനധികൃത കയ്യേറ്റം ആരോപിച്ചാണ് ആശ്രമം പൊളിച്ചുമാറ്റിയത്. സംഭവുമായി ബന്ധപ്പെട്ട് കരുതല്‍ നടപടിയുടെ ഭാഗമായി ത്യാഗി ഉള്‍പ്പെടെ ആറു പേരെ പൊലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് പൊളിച്ചുമാറ്റല്‍. ശിവ്രാജ് സിങ് ചൗഹാന് നയിച്ചിരുന്ന മധ്യപ്രദേശിലെ മുന്‍ ബിജെപി മന്ത്രിസഭയില്‍ സഹമന്ത്രി പദവി ലഭിച്ചിരുന്നയാളാണ് നാംദേവ്. പിന്നീട് പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞു. കോണ്‍ഗ്രസിന്റെ കമല്‍നാഥ് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തെ നദി സംരക്ഷണ ട്രസ്റ്റിന്റെ ചെയര്‍മാനുമായിരുന്നു. മധ്യപ്രദേശില്‍ കഴിഞ്ഞാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇദ്ദേഹം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇന്‍ഡോര്‍ നഗരത്തിലെ ജംപൂര്‍ദി ഹാപ്സിക്കു സമീപമുള്ള പ്രാന്തപ്രദേശത്താണ് ആശ്രമം സ്ഥിതിചെയ്യുന്നത്. 80 കോടി രൂപയോളം വിലവരുന്ന 40 ഏക്കറോളം വരുന്ന സ്ഥലത്താണ് ആശ്രമം. ത്യാഗിയുടെ ആശ്രമത്തിനു സമീപമുള്ള രണ്ട് ഏക്കറോളം സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി കയ്യേറ്റങ്ങള്‍ കണ്ടെത്തിയതാണ് പൊളിക്കലിലേക്കു നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടെ പലതരത്തിലുള്ള നിര്‍മാണങ്ങളും നടന്നിരുന്നു.
റവന്യൂ വിഭാഗം 2000 രൂപ വീതം ആശ്രമം ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തിയിരുന്നെന്നും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് അറിയിച്ചിരുന്നതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. എന്നാല്‍ അത് അനുസരിക്കാതിരുന്നതോടെയാണ് ഞായറാഴ്ച ആശ്രമം അധികൃതരെ അറസ്റ്റു ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. നാംദേവിനെയും ആറ് കൂട്ടാളികളും നിലവില്‍ ജയിലിലാണ്. കയ്യേറ്റം ഒഴിപ്പിച്ച പ്രദേശത്ത് ഒരു ഗോശാലയും മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥലവും നിര്‍മിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നര്‍മദ നദിയിലെ അനധികൃത മണല്‍ വാരലുമായി ബന്ധപ്പെട്ടാണ് 2018 നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബിജെപിയുടെ ശിവ്രാജ് സിങ് ചൗഹാന് സര്‍ക്കാരുമായി നാംദേവ് തെറ്റിയത്. ഇക്കഴിഞ്ഞ നവംബര്‍ 3ന് സംസ്ഥാനത്തെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി ‘ജനാധിപത്യത്തെ സംരക്ഷിക്കുക’ എന്ന ക്യാംപെയിനും ത്യാഗി നടത്തിയിരുന്നു. മാത്രമല്ല ബിജെപിയിലേക്ക് അടുത്തിടെ ചേക്കേറിയ 22 കോണ്‍ഗ്രസ് എംഎല്‍എമാരെ വഞ്ചകരെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. 22 എംഎല്‍എമാര്‍ കൂറുമാറിയതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തുകയും മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുകയും ചെയ്തത്. ഈ എംഎല്‍എമാരും അടുത്തിടെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.