ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വാഗ്വാദം നടന്നതായി റിപ്പോര്‍ട്ട്. തിരുത്തല്‍വാദികളെ വിമര്‍ശിച്ച് നേതാക്കള്‍ രംഗത്തെത്തി. ഗുലാം നബി ആസാദിന്റെയും ആനന്ദ് ശര്‍മയുടെയും നിലപാട് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോത് വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് രൂക്ഷമായ വാക്കേറ്റമുണ്ടായത്. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരമായിരുന്നു ചര്‍ച്ച. തിരുത്തല്‍ വാദികളും മറ്റ് പ്രധാന നേതാക്കളും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
ചര്‍ച്ച ആരംഭിച്ചതിനു പിന്നാലെ സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് തിരുത്തല്‍വാദി നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് അശോക് ഗഹ്ലോത് രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചത്.
കര്‍ഷക പ്രതിഷേധം ഉള്‍പ്പെടെയുള്ളവയാണ് നിലവിലെ പ്രധാന പ്രശ്നങ്ങള്‍. ഇതാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. സംഘടനാ പ്രശ്നങ്ങള്‍ മറ്റൊരു സമയത്ത് ചര്‍ച്ച ചെയ്താല്‍ മതിയെന്ന നിലപാടാണ് ഗഹ്ലോത് മുന്നോട്ടുവെച്ചത്. ആനന്ദ് ശര്‍മയും ഗുലാം നബി ആസാദും ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടി വിരുദ്ധമാണ്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ഗെഹ്ലോത് പറഞ്ഞു.
തുടര്‍ന്ന് രാഹുല്‍ ഗാന്ധി പ്രശ്നത്തില്‍ ഇടപെടുകയും രംഗം ശാന്തമാക്കുകയും ചെയ്തു. പ്രവര്‍ത്തക സമിതിയോഗം അവസാനിച്ചു. സംഘടനാ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. മേയ്മാസം അവസാനത്തോടെ പ്ലീനറി സെഷന് വിളിച്ചു ചേര്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനു മുന്‍പായി സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനും നീക്കം നടക്കുന്നുണ്ട്.