പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. നടപടി നേരിട്ട 13 ഓളം നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു. അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി, സെക്രട്ടറിമാരും മുന്‍ എംഎല്എയുമടക്കമാണ് ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്.
രണ്ട് ദിവസം മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.നമശ്ശിവായം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയേയും കൂട്ടിയാണ് അദ്ദേഹം പാര്‍ട്ടിവിട്ടത്. ഇതിന് പിന്നാലെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടക്കമുള്ള 13 ഓളം നേതാക്കളെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
മുന്‍ എംഎല്‍എ ഇ. തീപൈന്തന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. എഗാംബരം, എ. വി. വീരരാഘവന്, വി. കൃഷ്ണബിരന്, സംസ്ഥാന സെക്രട്ടറിമാരായ എസ്. കെ. സാംബത്ത്, എസ്.സംരാജ് എന്നിവരും മറ്റു ഏഴുപേരുമാണ് പാര്‍ട്ടി വിടുന്നത്. എ.നമശ്ശിവായത്തെ പിന്തുണക്കുന്നവരാണ് ഇവര്‍.