BREAKING NEWSKERALA

‘ദുരൂഹ മരണം’ അമിത് ഷാ വെളിപ്പെടുത്തണം, മുഖ്യമന്ത്രി മറുപടി പറയണം: മുല്ലപ്പള്ളി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. സ്വര്‍ണക്കടത്ത് കേസില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹ മരണം സംബന്ധിച്ചുള്ള വാദങ്ങള്‍ ആര്‍എസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തുന്നതാണെന്നും കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ ദുരൂഹമരണം ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന് പറയാനുള്ള തന്റേടമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാണിക്കേണ്ടത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ പേരില്‍ അത് ഒളിച്ചുവെക്കുന്നത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
1980ല്‍ കൂത്തുപറമ്പില്‍ നിന്ന് പിണറായി ജനസംഘവുമായി കൈകോര്‍ത്ത് മത്സരിച്ചാണ് ജയിച്ചത്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായിട്ടുള്ള രഹസ്യബന്ധം ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള കോവളത്ത് സിപിഎമ്മിന്റെ ഓഫീസാണ് ബിജെപിയുടെതായി മാറിയത്. ആരാണ് ബിജെപിയുടെ വളര്‍ത്തിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പച്ചില കാട്ടി ആടിനെ കൊണ്ടുപോകുന്നത് പോലെയാണ് കോണ്‍ഗ്രസിനെ ബിജെപി കൊണ്ടുപോകുന്നത് എന്ന് പ്രസ്താവന പിണറായി വിജയന്‍ നടത്തി. ഇതുപോലൊരു നാണം കെട്ട പ്രസ്താവന പിണറായിക്കല്ലാതെ ആര്‍ക്കും നടത്താനാവില്ല. മലര്‍ന്നുകിടന്ന് തുപ്പുകയാണ് അദ്ദേഹം. കോണ്‍ഗ്രസിന് ഒരിക്കലും ഹിന്ദുമഹാ സംഘവുമായി, ജനസംഘവുമായിട്ടൊന്നും ബന്ധമുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ലാവലിന്‍ കേസ് 26 തവണ മാറ്റിവെച്ചത് എന്തുകൊണ്ടാണെന്നും സ്വര്‍ണക്കടത്ത് കേസ് ഇഴയുന്നത് എന്ത് കൊണ്ടണെന്നും ഇപ്പോള്‍ വ്യക്തമാകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ചോദ്യമല്ല ഉത്തരമാണ് ജനങ്ങള്‍ക്ക് വേണ്ടതെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button