BREAKING NEWSKERALA

സാമ്പത്തിക സംവരണത്തിന് കോണ്‍ഗ്രസ് പിന്തുണ, സ്വാഗതം; ലീഗിനെ പറഞ്ഞു മനസിലാക്കും

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി. സാമ്പത്തിക സംവരണം കോണ്‍ഗ്രസിന്റെ ദേശീയ നിലപാടാണെന്നും അതേസമയം മുന്നോക്ക വിഭാഗത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെയും ആശങ്കകള്‍ പരിഹരിക്കണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം ഏഴിന് പൂര്‍ണ ദിവസ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരും. ഇന്ന് ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. പിസി ജോര്‍ജിനെയും പിസി തോമസിനെയും രാഷ്ട്രീയ പാര്‍ട്ടികളായി മുന്നണിയിലേക്ക് എടുക്കേണ്ടെന്ന് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇരുവരും ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കട്ടെയെന്നും അവര്‍ വ്യക്തമാക്കി.
സാമ്പത്തിക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. സംവരണത്തില്‍ കോണ്‍ഗ്രസിന്റേത് പ്രഖ്യാപിത നിലപാട് തന്നെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംവരണത്തിന്റെറെ പേരില്‍ സാമുദായിക ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നു. ശബരിമല വിഷയത്തില്‍ കിട്ടിയ തിരിച്ചടി സാമ്പത്തിക സംവരണ വിഷയത്തിലും ഇടതുമുന്നണിക്ക് കിട്ടും. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം തിരക്കിട്ട് നടപ്പാക്കിയത് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ്. മുന്നോക്ക സംവരണം നടപ്പാക്കാന്‍ ധൃതി കാണിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
യോഗത്തില്‍ കെ മുരളീധരനെതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ പലപ്പോഴും സംയമനം പാലിക്കുന്നില്ലെന്ന് യോഗത്തില്‍ ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. സാധാരണ പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ പലപ്പോഴും നിലവിട്ടു പ്രവര്‍ത്തിക്കുന്നു. ഇത് ഒഴിവാക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

Related Articles

Back to top button