കോഴിക്കോട്: വയനാട്ടില്‍ കഴിഞ്ഞ ദിവസം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് വേല്‍മുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദഖ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
മൃതദേഹം കാണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ് അതിന് സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രവീണ്‍കുമാര്‍,എന്‍.സുബ്രഹ്മണ്യന് എന്നിവര്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
അറസ്റ്റിന് തയ്യാറാകാതിരുന്ന നേതാക്കളെ വലിച്ചഴിച്ചാണ് പോലീസ് കൊണ്ടുപോയത്. തങ്ങള്‍ കുടുംബത്തെ കാണാനും മൃതദേഹം കാണാനും വന്നവരാണെന്നും അതിന് പോലും സമ്മതിക്കാത്തത് പലതും ഒളിച്ച് വെക്കാനാണെന്നും ടി.സിദ്ദിഖ് പറഞ്ഞു. കോഴിക്കോട് എം.പി എം.കെ രാഘവനും സ്ഥലത്തെത്തി. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സംഭമാണ് നടക്കുന്നതെന്നും വ്യാജ ഏറ്റുമുട്ടലാണെന്നാണ് പോലീസ് നടപടികളില്‍ നിന്നും വ്യക്തമാവുന്നതെന്നും എം.കെ രാഘവന് പറഞ്ഞു.
അതേ സമയം വേല്‍മുരുഗന്റെ മധുരയിലെ ബന്ധുക്കള്‍ക്ക് ആഭ്യന്തരവകുപ്പിന് നല്കിയ അപേക്ഷയെത്തുടര്‍ന്ന് മൃതദേഹം കാണാന്‍ അനുമതി നല്കി. ഇവര്‍ കണ്ട ശേഷമായിരിക്കും പോസ്റ്റ് മോര്‍ട്ടം നടപടികള്‍. പടിഞ്ഞാറത്തറ വെടിവയ്പില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും പ്രശ്നത്തില്‍ സര്‍ക്കാര്‍ പലതും ഒളിച്ച് വെക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി വനത്തിനകത്ത് തണ്ടര്‍ബോള്‍ട്ട് സംഘം തെരച്ചില്‍ തുടരുകയാണ്.