BREAKING NEWSKERALA

ഹൈക്കമാന്‍ഡ് ചോദിക്കുന്നു…തിരഞ്ഞെടുപ്പില്‍ ‘ഉടക്ക്’ കാണിച്ച മുതിര്‍ന്ന നേതാക്കള്‍ ആരൊക്കെ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകാതിരുന്ന ഡി.സി.സി. ഭാരവാഹികള്‍ക്ക് ചുവപ്പ് കാര്‍ഡ് വരുന്നു. ജില്ലാതലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നുനിന്ന ഭാരവാഹികളെക്കൂടി ഒഴിവാക്കാനാണ് കെ.പി.സി.സി. നേതൃത്വം ഉദ്ദേശിക്കുന്നത്. നിര്‍ജീവമായ ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടനയും ഉടനുണ്ടാകും. ഇത്തരത്തിലുള്ള മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ കൂടി പുനഃസംഘടിപ്പിക്കും.
ഡി.സി.സി.കളില്‍ ജംബോ കമ്മിറ്റികള്‍ നിലവില്‍വന്നപ്പോള്‍ത്തന്നെ ഈ സംവിധാനം ഫലപ്രദമാകില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഗ്രൂപ്പ് സമ്മര്‍ദങ്ങള്‍ ഭാരവാഹികളുടെ എണ്ണം കുറയ്ക്കാന്‍ പരിമിതിയായി. ഡി.സി.സി. ഭാരവാഹികളില്‍ ചിലര്‍ സ്വന്തം താമസസ്ഥലത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍പ്പോലും സഹകരിച്ചില്ലെന്ന പരാതിയുണ്ട്. പാര്‍ട്ടി പദവി ആലങ്കാരികമായി കൊണ്ടുനടക്കുന്നവരെ ഒഴിവാക്കാനാണ് കെ.പി.സി.സി. നേതൃത്വത്തിന്റെ താത്പര്യം.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടെ വിവരവും എ.ഐ.സി.സി. തേടിയിട്ടുണ്ട്. കെ.പി.സി.സി. ഭാരവാഹികളില്‍ ചിലരും പ്രവര്‍ത്തനരംഗത്ത് സജീവമായില്ലെന്നാണ് വിലയിരുത്തല്‍. ഇവരുടെ പട്ടിക കെ.പി.സി.സി. പ്രത്യേകം നല്‍കും.
ജനുവരി നാലിന് ചേരുന്ന കെ.പി.സി.സി. ഭാരവാഹികളുടെ യോഗത്തില്‍ ബൂത്ത് മുതല്‍ ഡി.സി.സി. തലംവരെയുള്ള പുനഃസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ഡി.സി.സി. പ്രസിഡന്റുമാരുടെ മാറ്റം എ.ഐ.സി.സി.യാകും തീരുമാനിക്കുക.
ഫലം വന്നതിനെത്തുടര്‍ന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെ.പി.സി.സി., ഡി.സി.സി.തലം വരെയുള്ളവരുടെ അഭിപ്രായം കേട്ടിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് ഡി.സി.സി.തലത്തില്‍വരെ അഭിപ്രായമാരാഞ്ഞു. ഇനി മേഖല തിരിച്ചുള്ള അവലോകനവും നടക്കും. കെ.പി.സി.സി. സെക്രട്ടറിമാര്‍ 140 മണ്ഡലങ്ങളും സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വെച്ചുള്ള അവലോകനത്തിനും യോഗം വിളിക്കും.
പുനഃസംഘടനയോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് കെ.പി.സി.സി. നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും ജയസാധ്യത നോക്കി സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാന്‍ എ.ഐ.സി.സി. സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ഥിത്വത്തിലേക്ക് പരിഗണിക്കാനാവാത്തവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കും.
എ.ഐ.സി.സി.യും ജയസാധ്യത നോക്കി ഓരോ മണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കും. ഈ പട്ടികകള്‍ അടിസ്ഥാനമാക്കിയായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക.

Related Articles

Back to top button