തിരുവനന്തപുരം: ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി താരിഖ് അന്‍വര്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നഷ്ടമായ ക്രൈസ്തവ വോട്ടുകള്‍ തിരിച്ചെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ക്രൈസ്തവ സഭാ അധ്യക്ഷന്മാരുമായി എഐസിസി സംഘം കൂടിക്കാഴ്ച നടത്തിയത്. മലങ്കര കത്തോലിക്ക സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവയുമായുള്ള കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. മാര്‍ത്തോമ സഭാ ബിഷപ്പിനെയും കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു.
സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് താരിഖ് അന്‍വര്‍ വ്യക്തമാക്കിയെങ്കിലും പൊതുരാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. എഐസിസി സെക്രട്ടറി ഇവാന് ഡിസൂസ, ആന്റോ ആന്റണി എംപി തുടങ്ങിയവരും താരിഖ് അന്‍വറിനൊപ്പമുണ്ടായിരുന്നു.
യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു അടക്കമുള്ള പോഷക സഘടനാ പ്രതിനിധികളുമായുള്ള എഐസിസി ചര്‍ച്ചകളും സമാന്തരമായി പുരോഗമിക്കുകയാണ്. 50 ശതമാനത്തോളം പ്രാതിനിധ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ വേണമെന്നും സ്ഥിരം മുഖങ്ങള്‍ മാറിനില്‍ക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഒന്നിച്ച് യോഗം വിളിക്കണമെന്ന ആവശ്യം കെ.എസ്.യു മുന്നോട്ടുവെച്ചു. സിപിഎമ്മും ബിജെപിയും നല്‍കുന്നതിന് സമാനമായി വനിതകള്‍ക്ക് പ്രതിനിധ്യം കോണ്‍ഗ്രസും നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസും എഐസിസിക്ക് മുന്നില്‍ ആവശ്യം ഉന്നയിച്ചു.
സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച് എഐസിസി സംഘം ഉടന്‍ തന്നെ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.