BREAKING NEWSKERALA

അങ്കത്തട്ടില്‍ ആരൊക്കെ… കോണ്‍ഗ്രസും ബി.ജെ.പി.യും ഇന്ന് പറയും

കോഴിക്കോട്: കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് ഡല്‍ഹിയില്‍ പുറത്തിറങ്ങും. ഇതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിയും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണരംഗത്ത് ഒരടി മുന്നിലെത്തിക്കഴിഞ്ഞു. എന്നാല്‍, സാധ്യതാപ്പട്ടികയുടെ പേരില്‍തന്നെ യു.ഡി.എഫില്‍ പലയിടത്തും പ്രതിഷേധം തുടരുകയാണ്. ചിട്ടയായ സംഘടനാപ്രവര്‍ത്തനമുള്ള മുസ്‌ലിം ലീഗില്‍ സംസ്ഥാന സെക്രട്ടറിവരെ പ്രതിഷേധത്തിന്റെ നോവറിഞ്ഞു. എല്ലാം മൂന്നോ നാലോ ആളുകള്‍ ചേര്‍ന്ന് തീരുമാനിക്കുന്നു എന്നതാണ് കോണ്‍ഗ്രസിലെ വിമര്‍ശനം.
ഇഷ്ടപ്പെട്ട നേതാക്കളെ അവര്‍ ആഗ്രഹിച്ച മണ്ഡലത്തില്‍ പരിഗണിക്കുന്നില്ലെന്നതാണ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്ക് പകരം നേമത്തായിരിക്കും മത്സരിക്കുന്നതെന്ന വാര്‍ത്ത ശനിയാഴ്ച വലിയ പ്രതിഷേധത്തിനാണ് കാരണമായത്. ഒരു പ്രവര്‍ത്തകന്‍ വീടിന് മുകളില്‍ക്കയറി ആത്മഹത്യഭീഷണിവരെ ഉയര്‍ത്തി.
പൊന്നാനിയിലും കുറ്റ്യാടിയിലുമായിരുന്നു സി.പി.എം. പ്രതീക്ഷിക്കാത്തവിധത്തില്‍ അണികളുടെ പ്രതിഷേധമുയര്‍ന്നത്. അച്ചടക്ക വാള്‍വീശി അതു തണുപ്പിക്കാനും തീരുമാനത്തില്‍ മാറ്റംവരുത്താതെ കളത്തിലിറങ്ങാനും സി.പി.എമ്മിന് കഴിഞ്ഞു. എന്നാല്‍, സി.പി.ഐ.യില്‍ കാഞ്ഞങ്ങാട്ടും ചടയമംഗലത്തും മുറുമുറുപ്പ് അവസാനിച്ചിട്ടില്ല. പിറവം സീറ്റിലേക്ക് സി.പി.എം. അംഗത്തെ സ്ഥാനാര്‍ഥിയാക്കിയത് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനും തലവേദനയായി. റാന്നി സീറ്റിലെ സ്ഥാനാര്‍ഥി പ്രമോദ് നാരായണനുമുണ്ട് എതിര്‍പ്പ്. കുറ്റ്യാടിയിലെ ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയെ സി.പി.എം. സ്വീകരിക്കുമെന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്.
അതേസമയം സ്വന്തം മണ്ഡലമായ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. തിങ്കളാഴ്ച അദ്ദേഹം നാമനിര്‍ദേശ പത്രിക നല്‍കും.
കൊല്ലത്ത് പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിനിടെ ബിന്ദു കൃഷ്ണ വിതുമ്പി. പാലക്കാട്ട് ഒറ്റപ്പാലവും മലമ്പുഴയും കോണ്‍ഗ്രസ് പെയ്‌മെന്റ് സീറ്റാക്കിമാറ്റി എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പരാതി. മുന്‍ ഡി.സി.സി. പ്രസിഡന്റ് എ.വി. ഗോപിനാഥ് നല്‍കിയ അന്ത്യശാസനവും ഞായറാഴ്ച അവസാനിക്കും. എ ഗ്രൂപ്പിനെ ഒതുക്കാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് അയക്കാനുള്ള നീക്കത്തിനു പിന്നിലെന്നാണ് അനുയായികള്‍ വിശ്വസിക്കുന്നത്. തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനുവേണ്ടി ഒട്ടേറെപ്പേര്‍ സംഘടനാസ്ഥാനങ്ങള്‍ രാജിവെച്ചു. ഇരിക്കൂര്‍ സീറ്റ് കെ.സി. വേണുഗോപാലിന്റെ നോമിനിയായ സജീവ് ജോസഫിന് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പിന്റെ സംസ്ഥാനനേതാക്കള്‍ അവിടെ രാപകല്‍ സമരത്തിലാണ്. കാസര്‍കോട്ടെ തൃക്കരിപ്പൂര്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കിയതാണ് കോണ്‍ഗ്രസുകാരില്‍ ചിലരുടെ എതിര്‍പ്പിനു കാരണം.
തിരൂരങ്ങാടിയില്‍ ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് വേണ്ടെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. കൊടുവള്ളി, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലും സ്ഥാനാര്‍ഥിയെച്ചൊല്ലി ഭിന്നത നിലനില്‍ക്കുന്നു. യു.ഡി.എഫ്. അനുവദിച്ചുനല്‍കിയ മലമ്പുഴ സീറ്റ് വേണ്ടെന്നാണ് നാഷണലിസ്റ്റ് ഭാരതീയ ജനതാദളിന്റെ നിലപാട്. പകരം അവര്‍ക്ക് എലത്തൂര്‍ വേണം. അതാകട്ടെ കാപ്പന്റെ എന്‍.സി.പി.ക്ക് നല്‍കിയതുമാണ്.
ബി.ജെ.പി.യില്‍ ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനോട് മത്സരിക്കാന്‍ ഒരുങ്ങിയിരിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. നടന്‍ സുരേഷ് ഗോപി ഉള്‍പ്പെടെ വലിയൊരു സംഘം പട്ടികയിലുണ്ടാവുമെന്നാണ് സൂചന.

Related Articles

Back to top button