BREAKING NEWS

കേരളമൊഴികെ എല്ലായിടത്തും കോണ്‍ഗ്രസിന്റെ ‘കൈ’യില്‍ പിടിക്കാന്‍ സിപിഎം തയ്യാര്‍

ന്യൂഡല്‍ഹി: കേരളമൊഴികെ എല്ലായിടത്തും കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പു ധാരണ വേണമെന്ന് സിപിഎം തീരുമാനം. പാര്‍ട്ടിക്കു പിടിച്ചുനില്‍ക്കാനും ബിജെപിയെ ചെറുക്കാനും മറ്റു വഴിയില്ലെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന പൊളിറ്റ്ബ്യൂറോയില്‍ പിണറായിപക്ഷവും സമ്മതിച്ചു. പിബി നിലപാട് 30നും 31നും കേന്ദ്ര കമ്മിറ്റി (സിസി) ചര്‍ച്ച ചെയ്യും.
അടുത്ത വര്‍ഷം കേരളത്തിനു പുറമെ ബംഗാളിലും തമിഴ്‌നാട്ടിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പുണ്ട്. തമിഴ്‌നാട്ടില്‍ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും ഡിഎംകെ മുന്നണിയുടെ ഭാഗമാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിലും ഇരുകൂട്ടരുമുണ്ട്.
ബംഗാളിലും അസമിലും കോണ്‍ഗ്രസുമായി നേരിട്ടു തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി തീര്‍ത്തും ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ മേല്‍വിലാസമുണ്ടാക്കാനും ത്രിപുരയില്‍ ചെറുത്തുനില്‍പിനും കോണ്‍ഗ്രസ് ബന്ധം പ്രയോജനപ്പെടും. പിബിയില്‍ കേരളത്തില്‍നിന്നു പങ്കെടുത്ത 4 പേരുള്‍പ്പെടെ എല്ലാവരും കോണ്‍ഗ്രസുമായുള്ള ധാരണയെ അനുകൂലിച്ചു. നിലവില്‍ മറ്റു പോംവഴികളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി. ബിജെപി കാരണമുള്ള അപകടസ്ഥിതി എല്ലാവര്‍ക്കും ബോധ്യമുണ്ട്. ഇതു കേരളത്തിലും വിശദീകരിക്കാനാവും. സിപിഎമ്മിനെ എതിര്‍ക്കുന്നതില്‍ കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെയും അവരുടെ ദേശീയ നേതൃത്വത്തിന്റെയും നിലപാടുകള്‍ വ്യത്യസ്തമാണെന്നും അതു ജനത്തിനറിയാമെന്നും നേതാക്കള്‍ പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ മതനിരപേക്ഷ കക്ഷികളെയും ഒരുമിച്ചുനിര്‍ത്തണമെന്നും ഇതു കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലാതെ വേണമെന്നുമാണ് 2018 ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം തീരുമാനിച്ചത്. ബംഗാളില്‍ ഈ നയം നടപ്പാക്കാന്‍ പിണറായിപക്ഷം സമ്മതിച്ചില്ല. പിബിയില്‍ പിണറായിപക്ഷത്തിനുള്ള ഭൂരിപക്ഷം നിര്‍ണായകമായി. കോണ്‍ഗ്രസുമായുള്ള ചങ്ങാത്തം കേരളത്തില്‍ വിശ്വസനീയമായി വിശദീകരിക്കാനാവില്ലെന്ന് കേരളഘടകം വാദിച്ചിരുന്നു. എന്നാല്‍, സാഹചര്യം മാറിയെന്നും അതിനാല്‍ ധാരണയാകാമെന്നു തങ്ങള്‍ നിലപാടു മാറ്റുകയാണെന്നും പിണറായിപക്ഷ നേതാക്കള്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker