BREAKING NEWSLATESTNATIONAL

സ്ഥാനം നല്‍കി വിമതശബ്ദം നിര്‍ത്തിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കത്തെഴുതിയ നേതാക്കളെ ഒതുക്കി അധ്യക്ഷ സോണിയാഗാന്ധി. രാജ്യസഭയില്‍ ചീഫ് വിപ്പായി ജയ്‌റാം രമേഷിനെയും രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേല്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. വേണുഗോപാല്‍ എന്നിവരെയും നിയമിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിനെയും ഉപനേതാവായ ആനന്ദ് ശര്‍മയെയും ഒതുക്കുന്നതിന്റെ ഭാഗമായാണിത്. ഇരുവരും നേതൃത്വത്തെ വിമര്‍ശിച്ച് അയച്ച കത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികളാണ്. സമാനമായി ലോക്‌സഭയില്‍ ഉപനേതാവായി ഗൗരവ് ഗൊഗോയിയെയും വിപ്പായി പഞ്ചാബില്‍നിന്നുള്ള രണ്‍വീത് സിങ് ബിട്ടുവിനെയും നിയമിച്ചു. ഇരുവരും ഗാന്ധികുടുംബവുമായി ഏറെ അടുപ്പമുള്ളവരാണ്.
ഗൗരവ് ഗൊഗോയിയും മാണിക്കം ടാഗോറുമായിരുന്നു ലോക്‌സഭയിലെ വിപ്പുമാര്‍. ഗൊഗോയിയെ ഉപനേതാവാക്കിയതോടെ ബിട്ടു വിപ്പായി. കഴിഞ്ഞ ലോക്‌സഭയില്‍ അംഗവും ലോക്‌സഭാ ഉപനേതാവുമായിരുന്ന അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രി ആയതുമുതല്‍ ലോക്‌സഭയില്‍ ഉപനേതൃത്വസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. വേണുഗോപാല്‍ രാജ്യസഭയില്‍ പുതുമുഖമാണെങ്കിലും ലോക്‌സഭയില്‍ നേരത്തേ ഡെപ്യൂട്ടി വിപ്പായിരുന്നു. നേതൃത്വത്തോട് വളരെ അടുപ്പംപുലര്‍ത്തുന്ന അധീര്‍ രഞ്ജന്‍ ചൗധരിയെ കക്ഷിനേതാവായും കൊടിക്കുന്നില്‍ സുരേഷിനെ ചീഫ് വിപ്പായും ലോക്‌സഭയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ലോക്‌സഭയിലെ മികച്ച പ്രാസംഗികരാണെങ്കിലും മനീഷ് തിവാരി, ശശി തരൂര്‍ എന്നിവര്‍ക്ക് ഇനി ഏറെ അവസരം ലഭിക്കില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
രാജ്യസഭയില്‍ ഗുലാംനബി ആസാദിനെയും ആനന്ദ് ശര്‍മയെയും സഭാ നേതൃസ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനുശേഷമായിരിക്കും ഈ മാറ്റം.

Related Articles

Back to top button