തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളടൂറിസത്തിന്റെ വെബ്സൈറ്റ് വഴി നടത്തുന്ന ഓണ്‍ലൈന്‍ പാചക മത്സരത്തിന് സര്‍ക്കാര്‍ ചെലവാക്കുന്നത് മൂന്നരകോടിയിലധികം രൂപ. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാലറി കട്ട് അടക്കം നടപ്പാക്കുന്നതിനിടെയാണ് ഇതും നടക്കുന്നത്.
ചെലവ് ചുരുക്കല്‍ തീരുമാനങ്ങള്‍ക്കിടയിലാണ് കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് വഴി നടത്തുന്ന പാചക മത്സരത്തിനായി 33,280,720 രൂപയാണ് ചെലവാക്കുന്നത്.
ഓണ്‍ലൈന്‍ വഴി കേരളീയ വിഭവങ്ങളുടെ പാചക മത്സരം സംഘടിപ്പിക്കുന്നതിനും തിരഞ്ഞെടുത്ത നൂറ് വീഡിയോകള്‍ കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് വഴി പ്രചരിപ്പിക്കുന്നതിനുമാണ് ഈ ചെലവ്. രജിസ്ട്രേഷനും മറ്റുമായി രണ്ട് ലക്ഷം രൂപയാണ് ചെലവ്. പ്രചരണത്തിനും മറ്റുമായി രണ്ട് കോടിയോളം രൂപ. ജഡ്ജിങ് കമ്മിറ്റിക്കായി ആറ് ലക്ഷം എന്നിങ്ങനെയാണ് ചെലവുകള്‍.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സഞ്ചാരികള്‍ക്കിടയില്‍ കേരള ടൂറിസത്തെ സുപരിചിതമായി നിലനിര്‍ത്തണമെന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയാണിതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ ആറുമാസം കൂടി സാലറി ചലഞ്ച് ഏര്‍പ്പെടുത്താനിരിക്കെയാണ് പാചക മത്സരത്തിനായി കോടികള്‍ ചെലവിടുന്നത്.