BREAKING NEWSWORLD

ശീതീകരിച്ച ഭക്ഷണ പാക്കറ്റിന് മുകളില്‍ സജീവമായ നിലയില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതായി ചൈന

ബീജിങ്: ഭക്ഷണ പാക്കറ്റിനു മുകളില്‍ സജീവ കൊറോണവൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പ്. തുറമുഖ മേഖലയായ ക്വിങ്‌ഡോയില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍മത്സ്യത്തിന്റെ പാക്കറ്റിനു മുകളിലാണ് സജീവമായ കൊറോണ വൈറസിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞത്.
ലോകത്ത് ഇതാദ്യമായാണ് ഭക്ഷണ പാക്കറ്റിനു പുറത്ത് സജീവമായതും ഒറ്റപ്പെട്ടുനില്‍ക്കുന്നതുമായ കൊറോണ വൈറസ് സാന്നിധ്യം തിരിച്ചറിയുന്നതെന്ന് സി.ഡി.സി (ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍) വ്യക്തമാക്കി.
നഗരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണുബാധകളുടെ ഉറവിടം കണ്ടെത്താനായി നടത്തിയ പരിശോധനയിലാണ് പാക്കേജിനു മുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് സാന്നിധ്യമുള്ള പാക്കേജുമായി സമ്പര്‍ക്കത്തില്‍ വരുന്നത് രോഗവ്യാപനത്തിന് കാരണമാവുന്നുവെന്ന് സി.ഡി.സി പ്രസ്താവനയെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഏത് രാജ്യത്തുനിന്നാണ് പാക്കേജ് ഇറക്കുമതി ചെയ്തതെന്ന് സി.ഡി.സി പ്രസ്താവനയില്‍ വ്യക്തമായിക്കിയിട്ടില്ല.
ക്വിങ്‌ഡോയില്‍ അടുത്തിടെ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രദേശത്തെ 110 പേരിലും അധികൃതര്‍ പരിശോധന നടത്തി. നിലവില്‍ പുതിയ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ശീതീകരിച്ച ചെമ്മീന്‍ സൂക്ഷിച്ച കണ്ടെയ്‌നറിനുള്ളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈന ജൂലൈയില്‍ ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചിരുന്നു.

Related Articles

Back to top button