LIFE STYLE

കൊവിഡ് കറിയും മാസ്‌ക് നാനും; ഈ ഹോട്ടലില്‍ ഇതാണ് സ്‌പെഷ്യല്‍

ജയ്പൂര്‍: മനുഷ്യരുടെ ജീവിതം ഇപ്പോള്‍ കോവിഡുമായി ബന്ധപ്പെട്ടാണ്. മസ്‌കും സാനിറ്റൈസറും മാത്രമല്ല വെറൈറ്റി തരംഗമായി എത്തിയിരിക്കുന്നത്. കൊറോണ വൈറസിന്റെ വരവ് ധാരാളം വെറൈറ്റി ഭക്ഷണങ്ങള്‍ക്കും തുടക്കം കുറിച്ചിരിക്കുന്നു. ടെമ്പിള്‍ സിറ്റി എന്ന പേരില്‍ തമിഴ് നാട്ടിലെ മധുരയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ശൃംഖല മാസ്‌കിന്റെ ആകൃതിയിലുള്ള പൊറോട്ട അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതോടെ കൊറോണ തീം ആയ ധാരാളം ഭക്ഷണങ്ങളാണ് പുറത്തിറങ്ങിയത്. കൊറോണ വൈറസിന്റെ ആകൃതിയിലുള്ള ബോണ്ടയും, കപ്പ് കെയ്ക്കുമെല്ലാം ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇക്കൂട്ടത്തിലെ പുത്തന്‍ താരമാണ് കൊവിഡ് കറിയും മാസ്‌ക് നാനും ചേര്‍ന്ന കോമ്പിനേഷന്‍.
രാജസ്ഥാനിലെ ജോധ്പുരില്‍ പ്രവര്‍ത്തിക്കുന്ന വേദിക് മള്‍ട്ടി കുസീന്‍ റെസ്‌ടോറന്റ് ആണ് കൊവിഡ് കറി + മാസ്‌ക് നാന്‍ കോമ്പിനേഷന് പിന്നില്‍. റെസ്‌ടോറന്റിന്റെ ട്വിറ്റര്‍ പേജില്‍ തന്നെ പുത്തന്‍ വിഭവങ്ങളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലായി കോഫ്ത എന്ന ഉത്തരേന്ത്യയില്‍ പ്രസിദ്ധമായ കറിയാണ് കൊവിഡ് കറി എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്നത്. പച്ചക്കറികള്‍ ഒരു ചെറിയ ഉരുള പോലെയാക്കി വറുത്തെടുത്താണ് മലായി കോഫ്ത കറി ഉണ്ടാക്കുക. കൊവിഡ് കറിയിലെ ഉരുളയ്ക്ക് കൊറോണ വൈറസിന്റെ ഷെയ്പ്പ് ആണെന്ന് മാത്രം. സാധാരണ ഗതിയില്‍ ദീര്‍ഘ ത്രികോണാകൃതിയില്‍ ലഭിക്കാറുള്ള നാന്‍ മാസ്‌കിന്റെ ഷെയ്പ്പില്‍ തയ്യാറാക്കിയാണ് മാസ്‌ക് നാന്‍ തയ്യാറാക്കിയിരിക്കുന്നത്.
കൊറോണ വൈറസിനെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് തങ്ങളുടെ കൊവിഡ് കറി + മാസ്‌ക് നാന്‍ കോമ്പിനേഷന്റെ പിന്നിലെ ലക്ഷ്യം എന്ന് വേദിക് മള്‍ട്ടി കുസീന്‍ റെസ്‌ടോറന്റ് വ്യക്തമാക്കി. ‘കൊറോണ കാലത്ത് ലോകത്തെ ആദ്യ കൊവിഡ് കറി + മാസ്‌ക് നാന്‍ നിര്‍മ്മിച്ച് കൊറോണ ഭീതി അകറ്റാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഇത്തരത്തിലൊരു കോമ്പിനേഷന്‍ ആദ്യമായി തയ്യാറാക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,’ റെസ്‌ടോറന്റ് ട്വിറ്ററില്‍ കുറിച്ചു.
പലരും വേദിക് മള്‍ട്ടി കുസീന്‍ റെസ്‌ടോറന്‍ഡിന്റെ പുത്തന്‍ വിഭവത്തെ പ്രകീത്തിച്ചു പ്രതികരണം അറിയിച്ചപ്പോള്‍ ചിലര്‍ക്ക് കൊവിഡ് കറിയും മാസ്‌ക് നാനും കാര്യമായി പിടിച്ചിട്ടില്ല. ‘ഒരു പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ ഈ രീതിയില്‍ ആണോ മാര്‍ക്കറ്റിങ് ചെയ്യേണ്ടത് എന്ന് ചോദിക്കുന്നവരുമുണ്ട്. എന്തായാലും ഇനിയും നമുക്ക് കാണാന്‍ കഴിയും കൊറോണയുടെ നിരവധി വെറ്റൈറ്റികള്‍.

Tags

Related Articles

Back to top button
Close