BREAKING NEWSLATESTNATIONAL

ജീവനക്കാര്‍ വരുത്തിയ കുടിശ്ശിക ഗ്രാറ്റ്വിറ്റിയില്‍നിന്നും പിടിക്കാം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി

ന്യൂഡല്‍ഹി: ജീവനക്കാര്‍ കുടിശ്ശികയെന്തെങ്കിലും നല്‍കാനുണ്ടെങ്കില്‍ അവരുടെ ഗ്രാറ്റ്വിറ്റി തടഞ്ഞുവെക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
ഗ്രാറ്റ്വിറ്റി തടഞ്ഞുവെക്കാനാവില്ലെന്ന രണ്ടംഗ ബെഞ്ചിന്റെ 2017ലെ നിരീക്ഷണം വിധിയായിരുന്നില്ല, പ്രത്യേക കേസുമായി ബന്ധപ്പെട്ട ഉത്തരവ് മാത്രമായിരുന്നെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ 2017ലെ വിധിയെ കീഴ്‌വഴക്കമായി കാണാനാവില്ല. ഗ്രാറ്റ്വിറ്റിയില്‍ നിന്ന് വാടകപ്പിഴ പിടിക്കാമെന്ന് 2005ല്‍ സുപ്രീംകോടതിയുടെ മറ്റൊരു വിധിയുണ്ടായിരുന്നെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെ (സെയില്‍) ജീവനക്കാരന്റെ കേസിലാണ് സുപ്രധാനമായ വിധി. ഔദ്യോഗികവസതിയില്‍ കൂടുതല്‍ക്കാലം താമസിച്ചതിന് 1.95 ലക്ഷം രൂപ വാടകയായി ചുമത്തിയിരുന്നു. ഇതു നല്‍കാന്‍ ജീവനക്കാരന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് ഗ്രാറ്റ്വിറ്റിയില്‍നിന്നു പിടിച്ചത്. ഇതിനെതിരേ ജീവനക്കാരന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. ഗ്രാറ്റ്വിറ്റിയില്‍നിന്ന് തുക പിടിക്കാന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇത് സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് റദ്ദാക്കി. ഗ്രാറ്റ്വിറ്റി ഇത്തരത്തില്‍ തടഞ്ഞുവെക്കുന്നതിനെതിരായ നിലപാടാണ് സുപ്രീംകോടതി മുന്‍പ് സ്വീകരിച്ചിട്ടുള്ളത്. വിരമിച്ചശേഷവും ഔദ്യോഗികവസതിയില്‍ താമസിച്ച ജീവനക്കാരന്റെ ഗ്രാറ്റ്വിറ്റി തടഞ്ഞുവെച്ചപ്പോള്‍ അതു പറ്റില്ലെന്നായിരുന്നു 2017ല്‍ രണ്ടംഗ ബെഞ്ച് വിധിച്ചത്. മാത്രവുമല്ല, അധികമായി താമസിച്ച സമയത്തെ വാടക മാത്രമേ ഈടാക്കാവൂയെന്നും പിഴത്തുക ചുമത്തരുതെന്നും അന്ന് വിധിച്ചു.

Related Articles

Back to top button